ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

പ്രതീകാത്മകചിത്രം
കൊളംബോ: ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇവരുടെ മത്സ്യബന്ധന ട്രോളറും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച തലൈമന്നാറിന് വടക്കുഭാഗത്ത് അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ (IMBL) കടന്നെത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നാണ് ശ്രീലങ്കൻ നാവികസേന പറയുന്നത്.
നാവികസേനയുടെ നോർത്ത് സെൻട്രൽ കമാൻഡ് നടത്തിയ പരിശോധനയിലാണ് ഏഴുപേരെ പിടികൂടിയത്. തുടർ നിയമനടപടികൾക്കായി മത്സ്യത്തൊഴിലാളികളെയും ട്രോളറിനെയും മന്നാറിലെ ഫിഷറീസ് ആൻഡ് അക്വാറ്റിക് റിസോഴ്സസ് വകുപ്പിന് കൈമാറും.
ഇന്ത്യ-ശ്രീലങ്ക ബന്ധങ്ങളിൽ മത്സ്യത്തൊഴിലാളികൾ അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നുവെന്ന വാദം സ്ഥിരം തർക്കവിഷയമാണ്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നത് പാക്ക് കടലിടുക്കിലാണ്. തമിഴ്‌നാടിനെ ശ്രീലങ്കയുടെ വടക്കൻ മുനമ്പിൽ നിന്ന് വേർതിരിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. പ്രദേശം ഇരു രാജ്യങ്ങളുടേയും സമ്പന്നമായ മത്സ്യബന്ധന മേഖലയാണ്. കഴിഞ്ഞ മാസം ജാഫ്നയിലെ ഡെൽഫ്റ്റ് ദ്വീപിന് തെക്കുഭാഗത്ത് സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഒമ്പത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തിരുന്നു.









0 comments