ad
Deshabhimani

ഹാന്റ വൈറസ് ബാധ; കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നു

hanta virus passsengers

കപ്പലില്‍ നിന്ന് ഒഴിപ്പിച്ച സ്പാനിഷ് പൗരന്‍മാരെ വിമാനത്താവളത്തിലെത്തിച്ചപ്പോള്‍. വീഡിയോ സ്ക്രീന്‍ഷോട്ട് via X

വെബ് ഡെസ്ക്

Published on May 10, 2026, 05:34 PM | 2 min read

ടെനെറിഫ് : ഹാന്റ വൈറസ് ബാധിച്ചതിനെത്തുടർന്ന് സ്പെയിനിലെ കാനറി ദ്വീപിൽ നങ്കൂരമിട്ട ക്രൂയിസ് കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി. പുലർച്ചെയോടെ ദ്വീപിൽ എത്തിയ കപ്പലിൽ നിന്ന് പരിശോധനകൾക്ക് ശേഷം ലോകാരോ​ഗ്യ സംഘടനയുടെ മേൽനോട്ടത്തിലാണ് യാത്രക്കാരെ ഒഴിപ്പിക്കുന്നത്. നിലവിൽ രോ​ഗബാധിതരായ അഞ്ച് പേർക്കൊഴികെ കപ്പലിലെ ആർക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് അധികൃതർ, ലോകാരോഗ്യ സംഘടന, ക്രൂയിസ് കമ്പനിയായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് എന്നിവർ പറഞ്ഞു.


ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ നേതൃത്വത്തിലാണ് യാത്രക്കാരെ മാറ്റുന്നത്. സ്പെയിനിലെ ആഭ്യന്തര, ആരോഗ്യ മന്ത്രിമാരും ഒപ്പമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്ര തിരിച്ച 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് വിനോദസഞ്ചാരക്കപ്പലിലാണ് ഹാന്റ വൈറസ് ബാധയുണ്ടായത്. കപ്പലിലെ യാത്രക്കാരായ മൂന്നുപേർ പിന്നീട് മരണമടഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ യൂണിയന്റെയും നിർദേശപ്രകാരം ബുധനാഴ്ചയാണ് കപ്പൽ കേപ് വെർഡെ തീരത്തുനിന്നും സ്പെയിനിലേക്ക് തിരിച്ചത്.


അഞ്ച് മുതൽ പത്ത് വരെ ആളുകളെ വഹിക്കാവുന്ന ചെറിയ ലോഞ്ച് ബോട്ടുകളിലാണ് കപ്പലിൽ നിന്ന് ആളുകളെ തീരത്തേക്ക് എത്തിക്കുന്നത്. കപ്പലിൽ നിന്ന് ഇറങ്ങുന്ന എല്ലാവരെയും പരിശോധിക്കും. മറ്റ് രാജ്യങ്ങളിലുള്ള പൗരന്മാരെ ഒഴിപ്പിക്കൽ വിമാനങ്ങൾ തയ്യാറായിക്കഴിഞ്ഞാൽ സ്വദേശത്തേക്ക് കൊണ്ടുപോകും. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിൽ ഉള്ളത്.


mv hondiusവൈറസ് ബാധയുണ്ടായ എംവി ഹോണ്ടിയസ് കപ്പല്‍


മുഴുവൻ പ്രവർത്തനങ്ങളും സാധാരണ നിലയിലാണെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രി മോണിക്ക ഗാർസിയ പറഞ്ഞു. ഇറങ്ങുന്ന യാത്രക്കാരും ക്രൂ അം​ഗങ്ങളും പ്രാദേശിക ജനതയുമായി യാതൊരു തരത്തിലും സമ്പർക്കം പുലർത്തുന്നില്ലെന്നും കൃത്യമായ മുൻകരുതലുകൾ പാലിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കപ്പലിലുള്ള സ്പാനിഷ് പൗരന്മാരെ മാഡ്രിഡിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. 13 സ്പാനിഷ് യാത്രക്കാരും ഒരു സ്പാനിഷ് ക്രൂ അംഗവുമാണ് കപ്പലിലുള്ളത്. സ്പാനിഷ് പൗരന്മാരെ മാത്രമേ സ്പെയിനിൽ ക്വാറന്റൈൻ ചെയ്യുകയുള്ളൂവെന്നും ക്രൂയിസ് ഓപ്പറേറ്റർ പറഞ്ഞു.


യുഎസ്, യുകെ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ വിമാനങ്ങൾ അയയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്. അമേരിക്കൻ പൗരന്മാരെ നെബ്രാസ്കയിലെ ഒരു മെഡിക്കൽ സെന്ററിൽ ക്വാറന്റൈൻ ചെയ്യും. ഡച്ച് പൗരന്മാരും മറ്റ് രാജ്യക്കാരുമടക്കം ഇരുപത്തിയൊമ്പത് പേർ ഡച്ച് ചാർട്ടർ വിമാനത്തിൽ ഉണ്ടാകുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഞ്ച് ഫ്രഞ്ച് യാത്രക്കാരെ ഇന്ന് തിരിച്ചയക്കും. 72 മണിക്കൂർ ആശുപത്രിയിൽ നിരീക്ഷിച്ചതിനു ശേഷം 45 ദിവസത്തേക്ക് വീട്ടിൽ ക്വാറന്റൈനിൽ പാർപ്പിക്കുമെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുകെയിൽ നിന്നുള്ള യാത്രക്കാരെയും ജീവനക്കാരെയും നാട്ടിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞാൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.


തങ്ങളുടെ പൗരന്മാരെയും ന്യൂസിലാൻഡ് പോലുള്ള സമീപ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഒഴിപ്പിക്കാൻ ഓസ്‌ട്രേലിയയിൽ നിന്ന് വിമാനം തിങ്കളാഴ്ച എത്തുമെന്ന് അധികൃതർ പറഞ്ഞു. ടെനറൈഫിൽ നിന്ന് പുറപ്പെടുന്ന അവസാന വിമാനമായിരിക്കും ഓസ്‌ട്രേലിയയുടെതെന്നും അവർ പറഞ്ഞു. ഉയർന്ന അപകടസാധ്യതയുള്ള അണുബാധയുള്ള രോഗികളെ കൊണ്ടുപോകുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമായി നോർവേ ടെനറൈഫിലേക്ക് ഒരു ആംബുലൻസ് വിമാനം അയച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ് വിമാനം.


യാത്രക്കാരും ജീവനക്കാരും ഇറങ്ങുമ്പോൾ അവരുടെ ലഗേജ് കപ്പലിൽ ഉപേക്ഷിക്കണം. അവശ്യവസ്തുക്കൾ, മൊബൈൽ ഫോൺ, ചാർജർ, രേഖകൾ എന്നിവ അടങ്ങിയ ചെറിയ ബാഗ് മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. കപ്പലിൽ മരിച്ച ഒരു യാത്രക്കാരന്റെ മൃതദേഹം കപ്പലിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചില ജീവനക്കാരും കപ്പലിൽ തന്നെ തുടരും. യാത്രക്കാരെ ഒഴിപ്പിച്ചതിനു ശേഷം കപ്പൽ നെതർലാൻഡിലെ റോട്ടർഡാമിലേക്ക് പോകുമെന്നും അവിടെവച്ച് അണുവിമുക്തമാക്കുമെന്നും സ്പാനിഷ് അധികൃതർ അറിയിച്ചു. സ്പെയിനിൽ നിന്ന് പുറപ്പെട്ടാൽ അഞ്ച് ദിവസത്തിനുള്ളിൽ റോട്ടർഡാമിലെത്തുമെന്ന് ക്രൂയിസ് കമ്പനി വ്യക്തമാക്കി. മെയ് ആദ്യവാരമാണ് ആഡംബരക്കപ്പലിൽ ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home