മസ്കിനെതിരെ പ്രതിഷേധം; ടെസ്‌ല വിറ്റ് അമേരിക്കൻ ഗായിക ഷെറിൽ ക്രോ

photo credit: facebook
വാഷിങ്ടൺ: അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവർമെന്റ് എഫിഷ്യൻസി മേധാവിയും സ്‌പേസ് എക്‌സ് സിഇഒയുമായ ഇലോൺ മസ്കിനെതിരെ വ്യത്യസ്‌തമായ പ്രതിഷേധവുമായി അമേരിക്കൻ ഗായിക ഷെറിൽ ക്രോ. തന്റെ കറുത്ത ടെസ്‌ല വിറ്റാണ് മസ്‌കിനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. ടെസ്‌ല വിറ്റതായും അതിൽ നിന്നുള്ള പണം നാഷണൽ പബ്ലിക് റേഡിയോ(എൻപിആർ)യ്ക്ക് സംഭാവന ചെയ്യുന്നതായും അവർ പറഞ്ഞു.
ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജ് (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറക്കാൻ തീരുമാനം എടുത്തിരുന്നു. എന്റെ മാതാപിതാക്കൾ എപ്പോഴും പറയുമായിരുന്നു. നിങ്ങൾ ആരുമായി ഇടപഴകുന്നുവോ അവരാണ് നിങ്ങളെന്ന്, എന്ന് കുറിച്ചുകൊണ്ടാണ് വാഹനം വിൽക്കുന്ന വീഡിയോ ക്രോ എക്സിൽ ഷെയർ ചെയ്തത്." വാഹനത്തിന്റെ വിൽപ്പന തുക വെളിപ്പെടുത്തിയിട്ടില്ല. ലഭിക്കുന്ന മുഴുവൻ തുകയും എൻപിആറിലേക്ക് നൽകുമെന്ന് ഷെറിൽ ക്രോ പറഞ്ഞു.
36 ലക്ഷത്തോളം ($42,000) ആണ് ടെസ്‌ലയുടെ അടിസ്ഥാന വില. "പ്രസിഡന്റ് മസ്‌കിന്റെ ഭീഷണി നേരിടുന്ന @npr-ന് പണം സംഭാവന ചെയ്തു, സത്യം അറിയാൻ ആഗ്രഹിക്കുന്നവർക്ക് സത്യം തുടർന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്," #PresidentMusk, #PresidentTrump, #ProtectTheConstitution എന്നീ ഹാഷ്‌ടാഗുകളോടെയാണ് അവർ വാഹനം വിറ്റ വിവരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
എൻപിആറിന്റെ ഫെഡറൽ ഫണ്ടിങ് ഇല്ലാതാക്കാനുള്ള പ്രചാരണം മസ്‌ക് ശക്തമാക്കിയിരുന്നു. എൻപിആറിന് അതിന്റെ ഫണ്ടിങ്ങിന്റെ ഏകദേശം 1% ഫെഡറൽ സ്രോതസ്സുകളിൽ നിന്നാണ് ലഭിക്കുന്നത്. എൻപി ആറിന്റെ വാർത്താ കവറേജ് പക്ഷപാതപരമാണെന്ന് മസ്‌ക്ക് ആരോപിച്ചിരുന്നു. എൻപിആറും പിബിഎസും ബൈഡൻ ഭരണകൂടത്തിനെതിരെ വരുന്ന വാർത്തകൾ അവഗണിച്ചെന്ന് ആരോപിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോടും അദ്ദേഹത്തിന്റെ ഭരണകൂടത്തോടും യാഥാസ്ഥിതിക നയങ്ങളോടും ക്രോ നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് താൻ വോട്ട് ചെയ്തതായി ക്രോ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമാണ് ഷെറിൽ ക്രോ. ഗ്രാമി ജേതാവായ ക്രോയുടെ എട്ടു സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറങ്ങുകയും അഞ്ച് കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കുകയും ചെയ്‌തിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മസ്ക്കിന്റെ നേതൃത്വത്തിലുള്ള് ഡോജ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകുന്ന ധനസഹായങ്ങൾ നിർത്തലാക്കിയിരുന്നു. നികുതിദായകരുടെ പണം "സംശയാസ്പദമായ" വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് മസ്ക് ഇതിനെ ന്യായീകരിച്ചത്. നിർത്തലാക്കിയ ധനസഹയങ്ങളിൽ ഇന്ത്യയ്ക്ക് തെരഞ്ഞെടുപ്പിനായി നൽകി വരുന്ന 2.1 കോടി ഡോളർ (21 മില്യൺ) ധനസഹായം മുതൽ ലിംഗസമത്വം, സ്ത്രീശാക്തീകരണം എന്നിവയ്ക്കും സാമ്പത്തിക ഫെഡറലിസം ഉറപ്പുവരുത്തുന്നതിനും നൽകിയിരുന്ന ധനസഹായം വരെ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ‘ബാഹ്യ ഇടപെടൽ’ എന്നാണ് റദ്ദാക്കിയ ധനസഹായത്തെ ബിജെപി വിശേഷിപ്പിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ജനാധിപത്യ ആശയങ്ങൾ പ്രചരിപ്പിക്കാനും ഫാസിസത്തെ തടുക്കാനുമാണ് അമേരിക്ക തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് അതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുശേഷം യുഎസ് തെരഞ്ഞെടുപ്പ് ഫണ്ട് നിർത്തലാക്കിയതിൽ അത്ഭുതപ്പെടാനില്ല.
ട്രംപ് മസ്ക് കൂട്ടുകെട്ടിന്റെ ഭാഗമായി യുഎസ്എയ്ഡിന്റെ പ്രവർത്തനങ്ങളും നിർത്തലാക്കിയിരുന്നു. യുദ്ധത്തിന്റെ ഭീകരതയിൽ നിന്നും ദുരന്തങ്ങളിൽ നിന്നും കരകയറുന്ന, ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന രാജ്യങ്ങൾക്ക് സഹായം നൽകിപോരുന്ന സംഘടനയാണ് യുഎസ് എയ്ഡ്. 100-ലധികം രാജ്യങ്ങളിലാണ് യുഎസ്‌എയ്‌ഡ് മാനുഷിക, വികസന, സുരക്ഷാ സഹായങ്ങൾക്കായി കോടിക്കണക്കിന് ഡോളർ നൽകി വരുന്നത്. എന്നാൽ ജൈവായുധങ്ങൾ വികസിപ്പിക്കാനും തീവ്രവാദം വളർത്താനുമാണ് യുഎസ്‌എയ്‌ഡ് ഫണ്ട് ചെലവഴിക്കുന്നതെന്ന് ആരോപിച്ച് മസ്ക് യുഎസ്‌എയ്‌ഡും അടച്ചുപൂട്ടുകയായിരുന്നു.










0 comments