Deshabhimani

ഷെയ്ഖ് ഹസീന 'ശിക്ഷിക്കപ്പെട്ട കുറ്റവാളി'; കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നിയമമന്ത്രി

Sheikh Hasina
വെബ് ഡെസ്ക്

Published on Nov 08, 2026, 03:59 PM | 1 min read

ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നും കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും ബംഗ്ലാദേശ് നിയമമന്ത്രി മുഹമ്മദ് അസദുസ്സമാൻ. ധാക്കയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഹസീനയെ വിട്ടുനൽകാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി അസദുസ്സമാൻ പറഞ്ഞത്. ബംഗ്ലാദേശിലെ ട്രൈബ്യൂണൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് ഹസീന. അവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.


ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൈമാറ്റം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ നിലവിലുള്ള നടപടിക്രമങ്ങൾക്കനുസരിച്ച് പരിശോധിച്ചുവരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 2024 ആഗസ്ത് അഞ്ചിന് ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് 15 വർഷത്തെ ഭരണം അവസാനിച്ചതോടെയാണ് ഹസീന ഇന്ത്യയിലേക്ക് അഭയം തേടിയത്. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു.


2024 ജൂലൈ–ആഗസ്ത് മാസങ്ങളിലെ പ്രക്ഷോഭത്തിനിടെ നടന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഹസീന കുറ്റക്കാരിയാണെന്ന് 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. ഹസീനയുടെ അസാന്നിധ്യത്തിൽ നടന്ന വിചാരണയിൽ ഒരു കുറ്റത്തിന് വധശിക്ഷയും മറ്റൊന്നിന് ജീവപര്യന്തം തടവും വിധിച്ചു.


2026 ഫെബ്രുവരിയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സർക്കാർ അധികാരത്തിലെത്തി. അതേസമയം ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതായി ഹസീന ആഗസ്ത് അഞ്ചിന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ഓൺലൈൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home