പോളണ്ടിലെ വെടിവയ്പ്; മരണസംഖ്യ ഉയരുന്നു, അക്രമിയുടെ വീട്ടിൽ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹം

ക്രാക്കോവ്: പോളണ്ടിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ക്രാക്കോവ് നഗരത്തിൽ യുവാവ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 15 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മെയിൻ സ്ക്വയറിലാണ് ആക്രമണമുണ്ടായത്. 24 വയസ്സുകാരൻ തിരക്കേറിയ ചത്വരത്തിലേക്ക് വാഹനമോടിച്ചുകയറ്റിയശേഷം ജനങ്ങൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ ചികിത്സയിലാണ്.
കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. മരിച്ചവരിൽ ഒരാൾ ബ്രിട്ടീഷ് പൗരനാണ്. പരിക്കേറ്റവരിൽ ബ്രിട്ടൻ, പോർച്ചുഗൽ, റഷ്യ, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഞ്ചുപേരുമുണ്ട്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരമാണ്.
അക്രമിയുടെ വീട്ടിൽനിന്ന് മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങളും പൊലീസ് കണ്ടെത്തി. വെടിയേറ്റാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ക്രാക്കോവിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ഓസ്ട്രോവിയെറ്റ്സ് ഷ്വിയെന്റോക്ഷിസ്കിയിലാണ് വീട്. സംഭവത്തെത്തുടർന്ന് പോളണ്ടിൽ ഞായറാഴ്ച മുതൽ രണ്ടുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് നിരവധിപേർ മെയിൻ സ്ക്വയറിൽ മെഴുകുതിരികൾ തെളിച്ചു.







0 comments