ഒരേ സമയം ബസിൽ രണ്ട് പോക്സോ കുറ്റകൃത്യങ്ങൾ; പ്രതിക്ക് കഠിനതടവും പിഴയും

കാട്ടാക്കട: ഒരു ബസിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കൊല്ലം കുമ്മിൾ വട്ടത്താമര രേഷ്മ ഭവനിൽ രാജു(49)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. നവംബര്‍ നാലിന് ആദ്യ കേസിൽ നാല് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിന്നീട് രണ്ടാമത്തെ കേസിൽ ഇന്നലെ വീണ്ടും നാലു വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനികളെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാർ ബസ് നിർത്തി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനികൾ സ്കൂളിലെത്തി ടീച്ചറോട് പരാതി അറിയിക്കുകയും ചെയ്തു. തുടർന്ന് പാങ്ങോട് പൊലീസ് സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് ഹാജരായി. പാങ്ങോട് പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിജിത്ത് കെ നായരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.







0 comments