അരിവില കുതിച്ചുയരുമ്പോഴും കർഷകർ പ്രതിസന്ധിയിൽ; വിപണി നിയന്ത്രിക്കാനാകാതെ കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് അരിവില കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയെ തകർക്കുന്ന തെറ്റായ സാമ്പത്തിക നയങ്ങളിലൂടെ സാധാരണക്കാരന്റെ അന്നം മുട്ടിക്കുകയാണ് കേന്ദ്രം. അരിയുടെ വില വർധിച്ചതിനൊപ്പം എൽ-നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ വിളനാശത്താൽ ക്ഷാമവും നേരിടുന്നുണ്ട്. ഇതോടെ, മുഖം രക്ഷിക്കാനായി മൊത്ത വിപണനക്കാരോടും മില്ലുടമകളോടും എല്ലാ ആഴ്‌ചയും നെല്ലിന്റെയും അരിയുടെയും സ്റ്റോക്ക് വെളിപ്പെടുത്തണമെന്ന ഉത്തരവിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
സെപ്തംബറിൽ മാത്രം അരിയുടെ വിലക്കയറ്റം 8.25 ശതമാനമായി ഉയർന്നിട്ടുണ്ട്. ഒരു മാസം മുൻപ് കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന സോന മസൂരിക്ക് ഒറ്റയടിക്ക് 65 മുതൽ 70 രൂപയായി വർധിച്ചു. വിപണിയിൽ ഇടപെടുന്നതിലും മുൻകരുതലുകൾ എടുക്കുന്നതിലും പൂർണമായും പരാജയപ്പെട്ട കേന്ദ്രസർക്കാർ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 2027 ജനുവരി 31 വരെ സ്റ്റോക്ക് പരിധി നിശ്ചയിക്കാൻ അനുമതി നൽകിക്കൊണ്ട് സ്വന്തം ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാർ തുടരുന്ന കർഷകദ്രോഹ നയങ്ങളാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കർഷകർക്ക് മതിയായ താങ്ങുവിലയോ പിന്തുണയോ നൽകാത്തതിനാൽ ഇത്തവണ ഖാരിഫ് സീസണിൽ നെൽകൃഷിയിൽ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 154 ദശലക്ഷം ടൺ ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഈ വർഷമം 147 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്നതിന് പകരം, റേഷൻ വിഹിതം വെട്ടിക്കുറച്ചും, വിപണി കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുത്തും കേന്ദ്രം തുടരുന്ന ജനദ്രോഹ നയങ്ങളുടെ ഭാഗമാണ് നിലവിലെ വിലക്കയറ്റം. എൽ-നിനോ പ്രതിഭാസത്തെ തുടർന്ന് വിള നശിച്ച കർഷകർക്ക് ദുരിതാശ്വാസവും, മികച്ച താങ്ങുവിലയും, മെച്ചപ്പെട്ട സംഭരണ സംവിധാനങ്ങളും ഉറപ്പാക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. കർഷകരെ സംരക്ഷണം നൽകുന്നതിനൊപ്പം, സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.








0 comments