കർണാടകയിൽ പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് മരണം

ബംഗളൂരു : സൂറത്ത്–ചെന്നൈ എക്സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലക്കാരായ ഗുരുരാജ് സുരേഷ് ചവാൻ (29), റെഡ്ഡി ബഗ്ല റാത്തോഡ് (33), ഗോവിന്ദ സീതയ്യ ചവാൻ (28), കുമാർ രാമു റാത്തോഡ് (26) എന്നിവരാണ് മരിച്ചത്. ഇബ്രാഹിംപുരിന് സമീപമാണ് അപകടം.
മഹാരാഷ്ട്രയിലെ തുളജാപുരിലെ ഭവാനി ദേവി ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെയാണ് ശനിയാഴ്ച അപകടമുണ്ടായത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ കാർ പാലത്തിന്റെ നിർമാണഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.







0 comments