Deshabhimani

രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

gyanesh lee see bin
വെബ് ഡെസ്ക്

Published on Nov 08, 2026, 03:17 PM | 2 min read

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപയുടെ കൈക്കൂലി പരാതിയില്‍ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് സംസ്ഥാന വിജിലൻസ്. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി റോഡ് വികസന പദ്ധതിയുടെ ബില്ലുകൾ മാറിനൽകാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന കരാറുകാരൻ വി ഒ സാജന്റെ പരാതിയിലാണ് നടപടി. 2006ൽ ജീവനൊടുക്കിയ മലേഷ്യൻ എൻജിനീയറും പദ്ധതി മാനേജരുമായ ലീ സീ ബിന്നിൽനിന്ന് ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. പരാതിക്കാരനായ സാജന്റെ മൊഴി ചൊവ്വാഴ്ച (നവംബർ 10) വിജിലൻസ് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനാണ് അന്വേഷണച്ചുമതല.


ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്ത്യ-മലേഷ്യ സംയുക്ത സംരംഭമായ പതി-ബെൽ കമ്പനി കെഎസ്ടിപി റോഡ് വികസന പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ എംസി റോഡ് ഉൾപ്പെടെ 127.19 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായിരുന്നു കരാർ. 2002 നവംബർ ഏഴിന് 215.49 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിനിടെ ബില്ലുകൾ മാറിനൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും അഴിമതി ആരോപണങ്ങളും ഉയർന്നു.


പതി-ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന ലീ സീ ബിൻ 2006 നവംബറിൽ മലേഷ്യയിൽ ജീവനൊടുക്കിയിരുന്നു. കമ്പനിക്ക് ലഭിക്കേണ്ട 14 കോടി രൂപയുടെ നാല് ബില്ലുകൾ തടഞ്ഞുവെച്ചെന്നും അവ മാറിനൽകാൻ ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ലീ തന്നോട് പറഞ്ഞിരുന്നതായാണ് കമ്പനിയുടെ മുൻ ഉപകരാറുകാരനായ സാജന്റെ വെളിപ്പെടുത്തൽ. ബില്ലുകൾ തടഞ്ഞുവെച്ചതും കൈക്കൂലി ആവശ്യപ്പെട്ടതുമാണ് ലീയുടെ മരണത്തിലേക്ക് നയിച്ചതെന്നും സാജൻ ആരോപിച്ചു.


ലീയുടെ മരണത്തിന് പിന്നാലെ അന്നത്തെ എൽഡിഎഫ് സർക്കാർ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. തുടർന്ന് കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി. കരാർ തുക ഉയർത്തിനൽകിയത്, ഭൂമി ഏറ്റെടുക്കലിലെയും പുനരധിവാസത്തിലെയും ക്രമക്കേടുകൾ, കരാറുകൾ ഒപ്പിടുന്നതിനുമുമ്പ് മുൻകൂർ തുക അനുവദിച്ചത്, കരാറുകാരുടെ ബില്ലുകൾ തടഞ്ഞുവെച്ചത് തുടങ്ങിയ ആരോപണങ്ങളാണ് അന്ന് പരിശോധിച്ചത്.


പുതിയ വെളിപ്പെടുത്തലിനെത്തുടർന്ന് ഒക്ടോബർ 23നാണ് സാജൻ വിജിലൻസിന് പരാതി നൽകിയത്. നിയമോപദേശം ലഭിച്ചതിനുശേഷം നവംബർ നാലിന് സംസ്ഥാന സർക്കാർ അന്വേഷണത്തിന് നിർദേശം നൽകി. നവംബർ അഞ്ചിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home