വംശീയത കത്തിച്ച തെരഞ്ഞെടുപ്പ്: നെതന്യാഹുവിന് പകരം ഐസൻകോട്ട് വരുമ്പോൾ ഇസ്രയേൽ നയങ്ങൾ മാറുമോ

ടെൽ അവീവ്: ഇസ്രയേലിൽ ഒക്ടോബർ 27 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് നിലവിലെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന് എതിരായതോടെ ഭൂരിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ടിനെ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനായി പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചു. പലസ്തീനിൽ തുടരുന്ന നിഷ്ഠൂരമായ വംശഹത്യയുടെ കറയും ഏറ്റവും അധികകാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ചരിത്രവുമായാണ് ബെഞ്ചമിൻ നെതന്യാഹു കസേര ഒഴിയുന്നത്. ഇസ്രയേലിന്റെ മുൻ സൈനിക തലവൻ കൂടിയാണ് പദവിയിലേക്ക് ക്ഷണിക്കപ്പെട്ട ഗാദി ഐസൻകോട്ട്.
പ്രധാനമന്ത്രി കസേരയിലുള്ള വ്യക്തി മാറുമ്പോൾ ഇസ്രയേൽ ഭരണകൂടത്തിന്റെ നയസമീപനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുമോ എന്ന പ്രതീക്ഷയിലാണ് ലോകം. സമകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണങ്ങൾക്കാണ് ലോക ജനത സാക്ഷ്യം വഹിക്കുന്നത്. കൊന്നെടുക്കിയത് അധികവും കുട്ടികളെയും സ്ത്രീകളെയും യുവാക്കളെയുമാണ്. പരമാവധി വംശീയത കത്തിച്ചാണ് നെതന്യാഹു അധികാരത്തിൽ തുടര്‍ന്നത്. അതേ തെരഞ്ഞെടുപ്പ് തന്ത്രം തന്നെയാണ് ഭരണത്തിലേറാനായി പ്രതിപക്ഷ കക്ഷികളും എടുത്തുപയോഗിച്ചിരുന്നത്.
നിര്‍ണായക സീറ്റുകൾ നേടിയ അറബ് പാർടികളും ഇടതുപക്ഷ പാര്‍ടിയും മാത്രമായിരുന്നു ഇതിന് വിരുദ്ധമായ നിലപാട് എടുത്തത്. ഈ സാഹചര്യത്തിൽ നെതന്യാഹുവിനെ പുറത്താക്കാൻ പിന്തുണയ്ക്കുമ്പോഴും ഭരണത്തിൽ പങ്കാളിയാവാൻ തയാറില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഗാദി ഐസൻകോട്ടിന്റെ സ്വന്തം പാര്‍ടിയും സഖ്യകക്ഷികളും യാഥാസ്ഥിതിക വിദ്വേഷ നിലപാടുകൾ പിന്തുടരുന്നവയാണ്. അറബ് പാര്‍ടികളുടെ സഹകരണത്തെ ഭരണം പിടിക്കാനും ഭൂരിപക്ഷം തികയ്ക്കാനും എന്ന നിലയിൽ മാത്രമാണ് ഇവര്‍ അംഗീകരിച്ചിട്ടുള്ളത്. പാര്‍ടി ആവശ്യപ്പെടാതെ തന്നെ അവര്‍ പിന്തുണയ്ക്കുന്നു എന്ന കാഴ്ചപ്പെടുത്തലാണ്.
ആശയപരമായി തികച്ചും വ്യത്യസ്തമായ ധ്രുവങ്ങളിൽ നിൽക്കുന്ന കക്ഷികളുടെ സഹകരണത്തിലാണ് സര്‍ക്കാര്‍ വരുന്നത്. നെതന്യാഹു ഇനിയും അവസരം മുതലാക്കുക പ്രധാനമന്ത്രി പദത്തിലേറുക എന്ന ലക്ഷം ഉപേക്ഷിച്ചിട്ടില്ല. ഈ സാചര്യങ്ങൾ നിലനിൽക്കുമ്പോൾ നിലവിൽ വരാനിരിക്കുന്ന ഭരണത്തിന്റെ കെട്ടുറപ്പും ചോദ്യമാണ്. മാത്രമല്ല ഇവര്‍ക്ക് എത്രത്തോളം ഇപ്പോഴത്തെ വംശീയതയിൽ അധിഷ്ഠിതമായ നയസമീപനങ്ങളിൽ നിന്നും യുദ്ധ തന്ത്രങ്ങളിൽ നിന്നും മാറി നടക്കാൻ കഴിയും എന്നതും ചോദ്യമാവുന്നു. സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് നെതന്യാഹുവിനെതിരെ അമര്‍ഷം നിലനിന്നിരുന്നു. പിൻഗാമിയായി മുൻ സൈനിക മേധാവി തന്നെയാണ് വരാനിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരു ഘട്ടത്തിൽ നെതന്യാഹുവിനെ പ്രതിരോധിക്കാനാവാതെ ഐസൻകോട്ട് കൂടുതൽ കടുത്ത സുരക്ഷാ, ദേശീയതാ വാദ തന്ത്രങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. ആക്രമണങ്ങളെ ന്യായീകരിക്കുക മാത്രമല്ല തീവ്രത ആവശ്യപ്പെടുകയും ചെയ്യുന്ന കാഴ്ചയായിരുന്നു. ഇസ്രയേലി സമൂഹത്തിൽ അടുത്തകാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട തീവ്രവലതുപക്ഷ വംശീയതകളെ സംതൃപ്തിപ്പെടുത്തുന്ന നിലപാടുകൾ പ്രദര്‍ശിപ്പിച്ചു.
ഗാദി ഐസൻകോട്ട്
ഇസ്രായേലി രാഷ്ട്രീയക്കാരനും
മുൻ സൈനിക മേധാവിയും
ഗാസയിൽ ഇസ്രയേലിന്റെ അധിനിവേശ അതിക്രമങ്ങളുടെ തുടക്കത്തിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ അടിന്തര യുദ്ധ മന്ത്രിസഭയിൽ ഒബസര്വറായിരുന്നു ഗാദി ഐസൻകോട്ട് (Gadi Eisenkot). ഇദ്ദേഹം പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. യുദ്ധത്തിന്റെ തന്ത്രപരമായ ദിശാബോധമില്ലായ്മയും നെതന്യാഹുവിന്റെ ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് പദവി ഒഴിഞ്ഞത്. തുടര്‍ന്ന് യാഷാർ' (Yashar) എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.
പലസ്തീനികളെ കൊന്നൊടുക്കാൻ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുക എന്നത് ഇദ്ദേഹത്തിന്റെ തന്ത്രമായിരുന്നു. ലെബനനെ രണ്ടാമത് ആക്രമിച്ചപ്പോഴാണ് ഈ സിദ്ധാത്തം അവതരിപ്പിക്കുന്നത്. അന്ന് ഐസൻകോട്ട് പ്രതിരോധ സേനാ തലവൻ ആയിരുന്നു.
ഗാദി ഐസൻകോട്ട് പ്രാർത്ഥനയിൽ
'ദഹിയ സിദ്ധാന്തം' (Dahiya Doctrine)
രാഷ്ട്രീയ പ്രവേശനം
ശത്രുക്കൾ ആക്രമണം നടത്തിയാൽ അവരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വൻതോതിൽ നാശനഷ്ടമുണ്ടാക്കുന്ന രീതിയിൽ ശക്തമായി തിരിച്ചടിക്കുക എന്നതാണ് ഈ തന്ത്രം. അതുവഴി ജനജീവിതത്തെ വൻ തോതിൽ ദുരിത്തിലാക്കി അവരെ ഉന്മൂലനം ചെയ്യുക. സൈനിക വിജയം ഉറപ്പാക്കുക എന്നതാണ് സമീപനം. 2015 മുതൽ IDF-ന്റെ 21-ാമത് ചീഫ് ഓഫ് സ്റ്റാഫായി 4 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 വരെ അന്നത്തെ പ്രധാനമന്ത്രി എഹുദ് ബരാക്കിന്റെ ആർമി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
2022-ൽ ബെന്നി ഗാന്റ്സ്, ഗിഡിയോൺ സാർ എന്നിവർക്കൊപ്പം ചേർന്ന് 'നാഷണൽ യൂണിറ്റി' സഖ്യത്തിലൂടെ ഇസ്രായേൽ പാർലമെന്റായ ക്നെസെറ്റിലേക്ക് (Knesset) തിരഞ്ഞെടുക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് ഗാസയിലെ യുദ്ധകാര്യ നിരീക്ഷകമാവുന്നത്. ഇതിന് ശേഷമാണ് സ്വന്തം പാര്‍ടി രൂപീകരിക്കുന്നത്.
യുദ്ധ രംഗത്ത് മകനെ നഷ്ടമായി
2023 ഡിസംബറിൽ ഗാസയിലെ ഖാൻ യൂനിസിൽ നടന്ന പോരാട്ടത്തിനിടയിൽ ഐസൻകോട്ടിന്റെ ഇളയ മകൻ മേജർ ഗാൽ മെയർ ഐസൻകോട്ട് (Gal Meir Eisenkot) കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ മരുമകനും യുദ്ധത്തിൽ കൊല്ലപ്പെട്ടു.
അതിതീവ്ര രാഷ്ട്രീയ നിലപാടുകൾക്ക് പകരം സുരക്ഷാ കേന്ദ്രീകൃതവും പ്രായോഗികവുമായ യുദ്ധ തന്ത്രങ്ങളാണ് ഇദ്ദേഹത്തിന്റെ നയം. രാജ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതും അതോടൊപ്പം തന്ത്രപരമായ തീരുമാനങ്ങൾ ശാന്തമായി കൈക്കൊള്ളുന്നതുമായ ഒരു പ്രൊഫഷണൽ സൈനിക ജനറൽ എന്ന നിലയ്ക്കാണ് ഇസ്രായേലി മാധ്യമ സമൂഹം ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
കടുത്ത നിലപാടുകൾ
നെതന്യാഹുവിനെയും കടന്ന്
"പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല" എന്നും "വെസ്റ്റ് ബാങ്കിലെ ജൂത അധിനിവേശങ്ങളെ അനുകൂലിക്കുന്നു" എന്നും ഗാദി ഐസൻകോട്ട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ആവിഷ്കരിച്ച 'ദഹിയ സിദ്ധാന്തം' വൻതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന സൈനിക രീതിയാണെന്നും അത് സാധാരണ ജനങ്ങൾക്കെതിരായ തീവ്രമായ ആക്രമണങ്ങൾക്ക് വഴിവെക്കുന്നു എന്നും ലോകത്തിലെ വിവിധ മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉന്നയിച്ചു.
ഇസ്രായേലിലെ കടുത്ത തീവ്ര-വലതുപക്ഷ നേതാക്കളായ ഇത്മാർ ബെൻ-ഗ്വിർ (Itamar Ben-Gvir), ബസലേൽ സ്മോട്രിച്ച് (Bezalel Smotrich) എന്നിവരുമായി താരതമ്യം ചെയ്ത മാധ്യമങ്ങൾ ഐസൻകോട്ടിന് അവരിൽ നിന്നും വ്യത്യസ്തമായി ഒരു 'പ്രഫഷണൽ സൈനിക ജനറൽ' അല്ലെങ്കിൽ 'സുരക്ഷാ മുൻഗണന നൽകുന്ന മിതവാദി' എന്ന ഇമേജ് നൽകാനാണ് ശ്രമിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത് തകർന്നു. തീവ്രനിലപാടുകൾ കടുപ്പിച്ച് മുന്നേറി. നെതന്യാഹുവിന്റെ കടുത്ത വംശീയ വിദ്വേഷ പ്രചാരണങ്ങളെ അവയെക്കാൾ തീവ്രതയോടെ ഉയര്‍ത്തി മറികടന്നു.
വംശീയ അധിക്ഷേപങ്ങൾക്ക്
സ്വയം വിധേയനായും
ഇസ്രായേലി ആഭ്യന്തര രാഷ്ട്രീയത്തിൽ മിസ്രാഹി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാദി ഐസൻകോട്ടിന്റെ മൊറോക്കൻ-ജൂത പശ്ചാത്തലം പരിഹസിക്കപ്പെട്ടിരുന്നു. നെതന്യാഹു അനുകൂല മാധ്യമപ്രവർത്തകരിൽ നിന്ന് ഐസൻകോട്ടിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങളിൽ തന്നെ വാർത്തകൾ വന്നിരുന്നു. അതേസമയം, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രചാരണം പലസ്തീൻ വിരുദ്ധ വികാരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതായിരുന്നു താനും.
നെതന്യാഹുവിന്റെ രാഷ്ട്രീയ ശൈലിയെ എതിർക്കുമ്പോഴും സുരക്ഷയുടെ മറപിടിച്ചുള്ള പലസ്തീൻ വിരുദ്ധ നിലപാടുകളിലും വെസ്റ്റ് ബാങ്ക് വിഷയത്തിലും സമാനമായ തീവ്ര വലതുപക്ഷ നയങ്ങൾ തന്നെയാണ് ഐസൻകോട്ടും തുടര്‍ന്നിരുന്നത്. ചില ഘട്ടങ്ങളിൽ നെതന്യാഹുവിനെ തന്നെയും ഇക്കാര്യങ്ങളിൽ മറികടന്നു.
എന്താണ് പ്രതീക്ഷ
ബെഞ്ചമിൻ നെതന്യാഹു മുൻ എലൈറ്റ് കമാൻഡോ (Sayeret Matkal) ആയിരുന്നുവെങ്കിലും അദ്ദേഹം ദീർഘകാല രാഷ്ട്രീയ അനുഭവപരിചയമുള്ള നേതാവു കൂടിയായിരുന്നു. തീരുമാനങ്ങളെടുക്കുമ്പോൾ സൈനിക ഉപദേശങ്ങളേക്കാൾ സ്വന്തം രാഷ്ട്രീയ നിലനിൽപ്പും ജനപ്രീതിയും മാത്രമാണ് പരിഗണിച്ചിരുന്നത്. ഇസ്രയേൽ ജനതയിൽ വംശീയത ദൃഡമാക്കുന്നതിൽ ഈ നിലപാട് സ്വാധീനം ചെലുത്തിയതായി വിലയിരുത്തപ്പെട്ടു. ഭരണം നിലനിർത്തുന്നതിനായി തീവ്ര വലതുപക്ഷ പാർട്ടികളുമായി സഖ്യത്തിലാകുകയും അവരുടെ പല ആവശ്യങ്ങൾക്കും വഴങ്ങുകയും ചെയ്തു. ഇത് ഇസ്രായേൽ സമൂഹത്തിലും അന്താരാഷ്ട്ര തലത്തിലും വലിയ എതിർപ്പിന് കാരണമായി.
ഗാദി ഐസൻകോട്ട്
രാഷ്ട്രീയത്തിലെ പുതിയമുഖം
പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നതോടെ ഐസൻകോട്ട് പുതിയ മുഖം അണിയുമോ എന്ന പ്രതീക്ഷയാണ്. ഇസ്രായേലിലെ തന്റെ പഴയ കൂട്ടായ ഇത്മാർ ബെൻ-ഗ്വിർ, ബസലേൽ സ്മോട്രിച്ച് തുടങ്ങിയ തീവ്ര-വലതുപക്ഷ രാഷ്ട്രീയക്കാരെയും അവരുടെ രാഷ്ട്രീയ സ്വാധീനത്തെയും ഐസൻകോട്ട് പ്രചാരണ രംഗത്ത് ഒരു ഘട്ടത്തിൽ ശക്തമായി എതിർത്തിട്ടുണ്ട്. സൈനിക തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നെതന്യാഹുവിനെക്കാൾ ശാന്തനും പ്രൊഫഷണലുമായ സൈനിക ജനറലാണ് ഗാദി ഐസൻകോട്ട്. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തോടും മധ്യപൂർവേഷ്യൻ സമാധാനത്തോടും ഉള്ള സമീപനത്തിൽ ഇസ്രായേലിന്റെ പരമ്പരാഗത വലതുപക്ഷ നയങ്ങളിൽ നിന്ന് വലിയൊരു മാറ്റം അദ്ദേഹത്തിൽ നിന്ന് ലോകത്തിന് പ്രതീക്ഷിക്കാവുന്ന സാഹചര്യമല്ല
ഗാദി ഐസൻകോട്ട് ഇസ്രായേലിലെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് വാദിച്ച് രംഗത്ത് ഇറങ്ങിയ ചരിത്രമുണ്ട്. സർക്കാരിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നെതന്യാഹുവിന്റെ ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായി നിലകൊണ്ടു. എന്നാൽ ബെഞ്ചമിൻ നെതന്യാഹു സുപ്രീം കോടതിയുടെ അധികാരം കുറയ്ക്കാനായി വിവാദപരമായ ജുഡീഷ്യൽ നിയമനിർമ്മാണങ്ങൾക്ക് നേതൃത്വം നൽകി. ഇത് വലിയ പ്രക്ഷോഭത്തിന് കാരണമായിരുന്നു.

നെതന്യാഹു രാഷ്ട്രീയ നിലനിൽപ്പിന് മുൻഗണന നൽകുന്ന നേതാവായിരുന്നു. അതേ സമയം ഐസൻകോട്ട് സൈനിക-സുരക്ഷാ പ്രൊഫഷണലിസത്തിന് ഊന്നൽ നൽകി. 'ദഹിയ സിദ്ധാന്തം' എന്നപേരിൽ നിഷ്ഠൂരമായ ഒരു യുദ്ധ തന്ത്രം തന്നെ ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.








0 comments