സൗദി രാജകുമാരന്റെ മരണം; അമിത ലഹരി ഉപയോഗം കാരണമെന്ന് റിപ്പോർട്ട്

ലണ്ടൻ : മാരിയറ്റ് ഹോട്ടലിൽ സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദ് (29) മരണപ്പെട്ടത് മദ്യവും മയക്കുമരുന്നും അമിതമായി കഴിച്ചതിനെത്തുടർന്നാണെന്ന് യുകെ കോറോണറുടെ അന്വേഷണ റിപ്പോർട്ട്. കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രാജകുമാരന്റെ മരണം ലഹരിവസ്തുക്കളുടെ അമിത ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം നവംബർ 25നാണ് പ്രതിദിനം 600 യൂറോ വാടകയുള്ള ഹോട്ടൽ മുറിയിൽ വെച്ച് ഈ സംഭവം നടക്കുന്നത്. അഞ്ചാം നിലയിലെ മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാരൻ ശുചിമുറിയുടെ തറയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അടിയന്തര വിഭാഗം ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ടോക്സിക്കോളജി പരിശോധനയിൽ രക്തത്തിൽ ഇംഗ്ലണ്ടിലെ നിയമപരമായ പരിധിയുടെ മൂന്നിരട്ടിയോളം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനുപുറമെ സാധാരണയായി 'പാർട്ടി ഡ്രഗ്' എന്നറിയപ്പെടുന്ന ഗാമാ-ഹൈഡ്രോക്സിബ്യൂട്ടറേറ്റിന്റെയും (GHB), കഞ്ചാവ്, ക്സാനക്സ് (Xanax) തുടങ്ങിയ മറ്റ് മരുന്നുകളുടെയും സാന്നിധ്യം ശരീരത്തിലുണ്ടായിരുന്നു. ഈ ലഹരിവസ്തുക്കളുടെ മാരകമായ സംയോജനമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധർ കോടതിയെ അറിയിച്ചു.
അതേസമയം രാജകുമാരൻ സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായി സൂചിപ്പിക്കുന്ന തെളിവുകളോ ആത്മഹത്യാക്കുറിപ്പോ ഇല്ലെന്ന് അസിസ്റ്റന്റ് കോറോണർ ജീൻ ഹാർക്കിൻ നിരീക്ഷിച്ചു. അബദ്ധത്തിൽ സംഭവിച്ച മരണം എന്ന് വിധിച്ച കോടതി ലഹരി അമിതമായതാണ് മരണകാരണമെന്ന് ഔദ്യോഗിക നിഗമനത്തിലെത്തി.










0 comments