സൗദി തെരയുന്ന വിഘടനവാദി നേതാവിനെ യുഎഇ കടത്തിക്കൊണ്ടു പോയതായി ആരോപണം

ഐദരൂസ് അൽ-സുബൈദി
റിയാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി അന്വേഷിച്ചുകൊണ്ടിരിക്കുന്ന യെമനി വിഘടനവാദി നേതാവിനെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് കടത്തിക്കൊണ്ടു പോയതായി സൗദി അറേബ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരുന്നതായുള്ള വാർത്തകൾക്കിടെയാണ് പുതിയ തർക്കം.
സതേൺ ട്രാൻസിഷണൽ കൗൺസിൽ നേതാവായ ഐദരൂസ് അൽ-സുബൈദിയെയാണ് യുഎഇ കടത്തിക്കൊണ്ടു പോയത്. മാത്രമല്ല ഈ വിഘടനവാദി നേതാവിന് രാജ്യത്ത് അഭയം നൽകിയതായും സൗദി ആരോപിക്കുന്നു.
യെമനിൽ നിന്ന് ബോട്ടിൽ സൊമാലിയയിലേക്ക് എത്തിച്ച ശേഷം സൗദിയിലേക്ക് കടത്തിയതായാണ് ആരോപണം. യുഎഇ ഉദ്യോഗസ്ഥർ ചേർന്ന് അൽ-സുബൈദിയെ എമിറേറ്റ്‌സിന്റെ തലസ്ഥാനമായ അബുദാബിയിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചതായി പറയുന്നു. സൗദി ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ന്യൂസ് ചാനലായ അൽ അറബിയയാണ് അൽ-സുബൈദിയുടെ രക്ഷപ്പെടൽ വാർത്ത ആദ്യം പുറത്തു വിട്ടത്.
സംഭവത്തോട് യുഎഇ ഇതുവരെ പ്രതികരിച്ചില്ല. യെമനിൽ വർഷങ്ങളായി തുടരുന്ന സംഘർഷത്തിന് പിന്നാലെ അറേബ്യൻ ഉപദ്വീപിലെ അയൽ രാജ്യങ്ങൾ തമ്മിലുള്ള അകലവും വർധിക്കയാണ്.










0 comments