ഉക്രെയ്‌നെ നടുക്കി റഷ്യയുടെ വ്യോമാക്രമണം; വ്യാപക നാശനഷ്ടം

റഷ്യ ഉക്രെയ്‌നിൽ നടത്തിയ വ്യോമാക്രമണം (Photo: Screengrab-BBC)
കീവ് : ഉക്രെയ്‌നെതിരെ നൂറുകണക്കിന് ഡ്രോണുകളും ഡസൻകണക്കിന് മിസൈലുകളുമായി റഷ്യയുടെ വൻ വ്യോമാക്രമണം. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ സ്ഫോടന പരമ്പരകളിൽ 4 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പാർപ്പിടങ്ങളും സ്കൂളുകളും ആക്രമണത്തിൽ തകർന്നു.
കീവ് മേഖലയിലെ ബില സെർക്വ നഗരത്തിന് നേരെ റഷ്യ ഒരേഷ്നിക് ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന ഈ അത്യാധുനിക മിസൈലുകളെ പ്രതിരോധിക്കുക അസാധ്യമാണ്. ജലവിതരണ ശൃംഖലകൾ ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ച റഷ്യൻ അധിനിവേശ മേഖലയായ സ്റ്റാരോബിൽസ്കിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ ഉക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമായി കടുത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. എന്നാൽ തങ്ങൾ വിദ്യാർഥി ഹോസ്റ്റലല്ല, മറിച്ച് റഷ്യയുടെ എലൈറ്റ് സൈനിക യൂണിറ്റാണ് ആക്രമിച്ചതെന്നാണ് ഉക്രെയ്ൻ സൈന്യത്തിന്റെ വാദം.
ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 90 മിസൈലുകളും 600 ഡ്രോണുകളുമാണ് റഷ്യ ഉക്രെയ്നിലേക്ക് വർഷിച്ചത്. കീവിലെ ഷെവ്ചെങ്കോ ജില്ലയിൽ ഒൻപത് നിലകളുള്ള പാർപ്പിട സമുച്ചയത്തിന് മുകളിലേക്ക് മിസൈൽ പതിച്ച് വൻ തീപിടുത്തമുണ്ടായി. ഇതേ പ്രദേശത്തെ ഒരു സ്കൂളിലെ ഭൂഗർഭ ബങ്കറിന്റെ പ്രവേശന കവാടം തകർന്ന അവശിഷ്ടങ്ങൾ വീണ് അടഞ്ഞുപോയതിനെ തുടർന്ന് നിരവധി ആളുകൾ ഉള്ളിൽ കുടുങ്ങി.
കീവ് കൂടാതെ ചെർകാസി, ഖാർകിവ്, ഒഡേസ, പോൾട്ടാവ, സുമി, ഷിറ്റോമിർ തുടങ്ങിയ മേഖലകളിലും റഷ്യൻ മിസൈലുകൾ പതിച്ചതായി ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. രാജ്യത്തുടനീളം ഇന്ന് മാത്രം 83ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ മിസൈൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.











0 comments