Deshabhimani

റഷ്യ–ഉക്രയ്ൻ സമാധാന ചർച്ച; യുദ്ധം അവസാനിപ്പിക്കാൻ ധാരണയായില്ല; തടവുകാരെ കൈമാറും

Russia-Ukraine

Image Credit : AFP

വെബ് ഡെസ്ക്

Published on Nov 11, 2026, 06:29 PM | 2 min read

അബുദാബി : റഷ്യയും ഉക്രയ്‌നും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നുമാകാതെ സമാധാന ചർച്ച അവസാനിച്ചു. എന്നാൽ, യുദ്ധത്തടവുകാരെ കൈമാറാൻ ധാരണയിലെത്തിയതായി റഷ്യൻ പ്രതിനിധി സംഘത്തിന്റെ തലവൻ വ്ലാദിമിർ മെദിൻസ്കി അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടക്കുന്ന റഷ്യ–ഉക്രയ്ൻ–അമേരിക്ക ത്രികക്ഷി ചർച്ചയിലാണ് പ്രഖ്യാപനം. കൈമാറ്റവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ വഴിയെ പ്രഖ്യാപിക്കുമെന്നും മെദിൻസ്കി വ്യക്തമാക്കി. സമാധാന ചർച്ചയുടെ രണ്ടാം ദിവസത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇരുരാജ്യങ്ങളും 1,000 തടവുകാരെ വീതം കൈമാറാനുള്ള സാധ്യത ചർച്ച ചെയ്തതായി ഉക്രയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുടെ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി ജാരെഡ് കുഷ്നറും തടവുകാരെ കൈമാറുന്നതിന് ധാരണയായതായി സ്ഥിരീകരിച്ചു. തടവുകാരുടെ കൈമാറ്റത്തിനു പുറമേ ഉക്രയ്‌നിൽ തടവിലുള്ള സാധാരണക്കാരെയും കുട്ടികളെയും തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നു. യുദ്ധാനന്തരം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിൽ തടവുകാരുടെ കൈമാറ്റത്തിൽ ധാരണയായെങ്കിലും, അതിർഥി പ്രശ്നങ്ങൾ, സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്.


ഒമ്പത് മാസത്തെ ഇടവേളയ്ക്കുശേഷമാണ് റഷ്യയുടെയും ഉക്രയ്‌ന്റെയും പ്രതിനിധികൾ അമേരിക്കയുടെ മധ്യസ്ഥതയിൽ നേരിട്ട് ചർച്ച നടത്തുന്നത്. നവംബർ 10, 11 തീയതികളിലായി അബുദാബിയിലായിരുന്നു കൂടിക്കാഴ്ച. റഷ്യൻ സംഘത്തെ വ്ലാദിമിർ മെദിൻസ്കിയും ഉക്രയ്ൻ സംഘത്തെ റുസ്തം ഉമറോവുമാണ് നയിച്ചത്. അമേരിക്കയ്ക്കുവേണ്ടി പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും പങ്കെടുത്തു.


അതേസമയം, യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് റഷ്യയും ഉക്രയ്‌നും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുകയാണ്. അബുദാബിയിൽ യൂറോപ്യൻ പ്രതിനിധികളുമായി റഷ്യൻ സംഘം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് മെദിൻസ്കി പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യക്തമായ സമാധാന നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉക്രയ്ൻ പ്രതിനിധി സംഘം യൂറോപ്യൻ രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും പ്രതിനിധികളുമായി കൂടിയാലോചന നടത്തി.


ചർച്ചകൾക്കുശേഷം സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഒരുവശത്ത് തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home