സംശയം, ഫെയ്‌സ്ബുക്കിനെച്ചൊല്ലിയുള്ള തർക്കങ്ങൾ, ദത്തെടുക്കൽ; ലിവ്-ഇൻ പങ്കാളിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

കൊൽക്കത്ത: കൊൽക്കത്തയിൽ സോഫ്റ്റ്‌വെയർ എൻജിനിയറുടെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സാർഥക് സർക്കാരും ലിവിങ് ടുഗെദർ പങ്കാളി സഞ്ചാലിക ബസുവും തമ്മിൽ ഫേസ്ബുക്ക് ഉപയോഗത്തെച്ചൊല്ലി പതിവായി വഴക്കിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. മറ്റു യുവതികളെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നതും അവരുടെ ചിത്രങ്ങൾ ലൈക്ക് ചെയ്യുന്നതുമാണ് തർക്കങ്ങൾക്ക് പ്രധാന കാരണമായിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ബാരാസത്ത് സ്വദേശിയായ സാർഥക് സർക്കാർ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലെ ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഗരിയയിലെ ഫർതാബാദിലുള്ള വാടക ഫ്ലാറ്റിൽ സഞ്ചാലികയ്ക്കും അമ്മ മൗമിത ബസുവിനുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരുടെയും ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സാർഥക് സമൂഹമാധ്യമങ്ങളിൽ മറ്റു യുവതികളുമായി ഇടപഴകുന്നതിൽ സഞ്ചാലികയ്ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർഥക്കിന്റെ തോളിൽ കുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സാർഥക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പുലർച്ചെ ഒന്നരയോടെ സഞ്ചാലിക ഫ്ലാറ്റിൽനിന്ന് കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിച്ച് പുറത്തേക്ക് ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയൽവാസികൾ മുറിയിലെത്തിയപ്പോൾ കിടക്കയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സാർഥക്കിനെയാണ് കണ്ടത്. സഞ്ചാലികയുടെ കഴുത്തിൽ നഖംകൊണ്ടുള്ള പോറലുകളും കണ്ടെത്തി. സംഭവത്തിന് തൊട്ടുമുമ്പ് ഫ്ലാറ്റിൽനിന്ന് ഉച്ചത്തിലുള്ള വഴക്കും ബഹളവും കേട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴിനൽകി.
സംഭവത്തിൽ സഞ്ചാലികയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റം സമ്മതിച്ചിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അമ്മ മൗമിത ബസുവിനെയും അറസ്റ്റ് ചെയ്തു.
ഇതിനിടെയാണ് സഞ്ചാലിക മൗമിതയുടെ സ്വന്തം മകളല്ലെന്നും ദത്തെടുത്തതാണെന്നുമുള്ള വിവരം അന്വേഷണത്തിൽ പുറത്തുവന്നത്. ദത്തെടുക്കലിന്റെ സാഹചര്യങ്ങളും കുടുംബപശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്. സഞ്ചാലികയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും ചോദ്യംചെയ്തപ്പോൾ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും അന്വേഷണസംഘം അറിയിച്ചു.
സംഭവസമയത്ത് സാർഥക്കോ സഞ്ചാലികയോ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ പൂർണമായി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.








0 comments