യുദ്ധം തുടങ്ങിയിട്ട് നാല് വര്‍ഷം
ട്രംപ് റഷ്യയെക്കാൾ സമ്മര്‍ദ്ദം ചെലുത്തുന്നത് തങ്ങൾക്ക് മേലാണെന്ന് സെലൻസ്കി

ജനീവ: സമാധാന ഉടമ്പടികളുടെ പേരിൽ ഡൊണൾഡ് ട്രംപ് റഷ്യയെക്കാൾ സമ്മർദം ചെലുത്തുന്നത് ഉക്രെയ്നുമേലാണെന്ന് വ്ലാദിമിര്‍സെലെൻസ്‌കി ആരോപിച്ചു. റഷ്യ ഉക്രെയ്ൻ സമാധാനചർച്ചയുടെ ജനീവ ഘട്ടവും തീരുമാനമാവാതെ പിരിഞ്ഞു. ചര്‍ച്ചയിൽ ഒത്തു തീര്‍പ്പ് കാത്തിരുന്നവരോടാണ് സെലൻസ്കിയുടെ പ്രതികരണം. കരാറിലൊപ്പിടുന്നത് എത്രയും വേഗത്തിലാക്കണമെന്ന് ചർച്ച തുടങ്ങും മുൻപ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രെയിന് മുന്നറിയിപ്പുനൽകിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടങ്ങിയിട്ട് നാലുവർഷം പൂർത്തിയാവുകയാണ്. ജനീവ വട്ട ചര്‍ച്ചകളിലുള്ള പ്രതീക്ഷയും അനിശ്ചിതത്വത്തിൽ തുടരുന്നു.
സ്വിസ് നഗരമായ ജനീവയിൽനടന്ന ദ്വിദിന സമാധാനചർച്ചയിൽ വെടിനിർത്തൽ നടപ്പാക്കൽ, കരാറിന് മേലുള്ള മേൽനോട്ടം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഇരുപക്ഷവും സമ്മതം മൂളി എങ്കിലും തര്‍ക്കം നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ധാരണയായില്ല.
ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നകാര്യത്തിലാണ് വലിയ വിടവ്.യുദ്ധത്തിനിടെ റഷ്യ പിടിച്ച യുക്രൈന്റെ വ്യാവസായികമേഖലയായ ഡോൺബാസടക്കമുള്ള പ്രദേശങ്ങൾ വിട്ടുകൊടുക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ വാദങ്ങളിൽ തുടര്‍ന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ ഉക്രെയ്ന്റെ സപൊറീഷയുടെ കാര്യത്തിലും തീർപ്പുണ്ടായില്ല. ഈ നിലയം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്.
അമേരിക്കയുടെയും യൂറോപ്പിന്റെയും താത്പര്യങ്ങൾ
ഉക്രൈയിന്റെ നാറ്റോ അംഗത്വവും തുടക്കം മുതൽ തര്‍ക്കത്തിലാണ്. യൂറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും കടന്നു കയറ്റമായാണ് റഷ്യ ഇതിനെ വിലയിരുത്തി വരുന്നത്. ഉക്രെയിനെ പക്ഷത്താക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ പ്രവര്‍ത്തിക്കുന്നു. മേഖലയിലെ അധികാര സമവാക്യങ്ങളുടെ സമ്മര്‍ദ്ദവും യുദ്ധത്തിന് പ്രേരകമായ ഘടങ്ങളിൽ ഉൾപ്പെടുന്നു. യുറോപ്യൻ യൂണിയന്റെയും അമേരിക്കയുടെയും താത്പര്യങ്ങളും ഇതിനിടയിൽ വരുന്നു.
റഷ്യയുടെ ഭാവി ആക്രമണങ്ങളിൽനിന്ന് യുക്രൈന് സമ്പൂർണസുരക്ഷ ഉറപ്പുനൽകാത്ത ഒരു കരാറിലും ഒപ്പിടില്ലെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി തീർത്തു പറഞ്ഞു. ചർച്ച കഠിനമായിരുന്നെന്നും ഒരുതരം ബിസിനസ് പോലെ തോന്നിയെന്നുമാണ് ഉക്രെയ്ൻ സംഘത്തെ നയിച്ച ദേശീയസുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് പ്രതികരിച്ചത്. സമാധാനചർച്ചകൾ റഷ്യ വലിച്ചുനീട്ടുകയാണെന്നും ആരോപിച്ചു.
ഇതിനിടെറഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ അടുത്ത അനുയായ ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് യുക്രൈൻ ഉപരോധമേർപ്പെടുത്തിയത് സംഘര്‍ഷത്തിന് പുതിയ മുഖം നൽകി.
ബ്രിട്ടൻ,ഫ്രാൻസ്,ജർമനി തുടങ്ങിയ യുക്രൈന്റെ യൂറോപ്യൻ സഖ്യകക്ഷികൾ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിലെമധ്യസ്ഥനും ട്രംപിന്റെ ദൂതനുമായ സ്റ്റീവ് വിറ്റ്‌കോഫ്സമാധാന ശ്രമത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
2022ഫെബ്രുവരി24-നാണ് റഷ്യ യുക്രൈനിൽ അധിനിവേശമാരംഭിച്ചത്. 2014-ൽ പിടിച്ച ക്രൈമിയ ഉൾപ്പെടെ യുക്രൈന്റെ അഞ്ചിൽ ഒന്നു പ്രദേശങ്ങൾ നിലവിൽ റഷ്യയുടെഅധീനതയിലാണ്.










0 comments