റഷ്യ ഉക്രെയ്ൻ ആക്രമണങ്ങൾക്ക് പുതിയ മുഖം, ശൈത്യവും ആയുധമാക്കുന്നതായി ആരോപണം

കീവ്: നാലു ദിവസത്തിനുള്ളിൽ റഷ്യ ഉക്രെയ്‌നെതിരെ രണ്ടാമത്തെ വലിയ ഡ്രോൺ ആക്രമണങ്ങൾ നടത്തി. പവർ ഗ്രിഡിനെ മിസൈലുകൾ ലക്ഷ്യം വച്ചതായി ഉക്രെയ്ൻ ആരോപിച്ചു. സമാധാന ചര്‍ച്ച പുരോഗമിക്കുന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഫലത്തിൽ ഇരു രാജ്യങ്ങളും തള്ളിയ സാഹചര്യമാണ്.
ഒറ്റരാത്രികൊണ്ട് റഷ്യ തങ്ങളുടെ എട്ട് പ്രദേശങ്ങളിലായി ഏകദേശം300ഡ്രോണുകളും18ബാലിസ്റ്റിക് മിസൈലുകളും ഏഴ് ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചതായി ഉക്രേനിയൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ ആരോപിച്ചു.
ശൈത്യം ആയുധമാവുന്നു
റഷ്യ രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാൻ ശൈത്യം ആയുധമാക്കുകയാണ് എന്ന് സെലൻസ്കി പറഞ്ഞു. വടക്കുകിഴക്കൻ ഖാർകിവ് മേഖലയിലെ ഒരു ആക്രമണത്തിൽ പവര്‍ ഗ്രിഡ് തകര്‍ന്നു. ഇതോടെ കൈവ് മേഖലയിൽ ലക്ഷക്കണക്കിന് വീടുകളിലേക്കുളള വൈദ്യുതി തടസ്സപ്പെട്ടു.
തലസ്ഥാനത്തെ പകൽ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് വരെ എത്തി മരവിച്ച് നിൽക്കുമ്പോഴാണ് വൈദ്യുതി ഇല്ലാതാവുന്നത്.തെരുവുകൾ ഐസ് കൊണ്ട് മൂടിയും,ബദൽ മാര്‍ഗ്ഗമായുള്ള ജനറേറ്ററുകളിൽ നിന്നുള്ള ശബ്ദത്താൽ മുഖരിതമായും തുടരുകയാണ്.വൈദ്യുതി നിലച്ചാൽ തണുപ്പകറ്റാൻ മറ്റ് മാര്‍ഗ്ഗങ്ങളില്ല. വെള്ളവും കിട്ടാതാവും.
തണുത്തുറഞ്ഞ ശൈത്യകാല മാസങ്ങളിൽ ഉക്രേനിയൻ സിവിലിയന്മാർക്ക് ചൂടും ഒഴുകുന്ന വെള്ളവും പ്രധാനമാണ്.കുടിവെള്ളം തണുത്തുറഞ്ഞ് പോകുന്ന സാഹചര്യം വലിയ വെല്ലുവിളിയാണ്-ഉക്രെയ്നിലെ ഖാർകിവ് മേഖലയിലെ പ്രാദേശിക സൈനിക ഭരണകൂടത്തിന്റെ തലവൻ ഒലെഹ് കിപ്പർ പറഞ്ഞു.
വൈദ്യുതി സൗകര്യങ്ങൾ, ഇന്ധന ഡിപ്പോകൾ, ശൈത്യം നേരിടാനുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരസ്പരം ലക്ഷ്യമാക്കപ്പെടുന്നത് ആദ്യമാണ്.

അതേസമയം, ഉക്രെയ്ൻ തങ്ങൾക്ക് അമേരിക്ക നൽകിയ എടിഎസി എംഎസ് മിസൈലുകൾ റഷ്യൻ പ്രദേശത്തിനെതിരെ ഉപയോഗിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണങ്ങൾ നടത്തിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇത് തുടർന്നാൽ കീവിലെ "തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളിൽ" കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാനുള്ള മുന്നറിയിപ്പും നൽകി.
റഷ്യൻ വ്യോമ പ്രതിരോധം രാത്രിയിൽ11ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.റഷ്യയിലെ റോസ്തോവ് മേഖലയിൽ ഏഴ് ഡ്രോണുകളും നശിപ്പിച്ചതായി അറിയിപ്പുണ്ടായി.
ശൈത്യകാലത്തെ നേരിടാനുള്ള സംവിധാനങ്ങളെ ഇരു രാജ്യങ്ങളും ലക്ഷ്യം വെക്കുന്നത് സാധാരണ ജീവിതത്തെ ശൈത്യത്തിൽ ഉറച്ച് തകര്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കയാണ്. ചര്‍ച്ചകൾക്കിടെയുള്ള സമ്മര്‍ദ്ദ തന്ത്രമായും ഇത് വിശദീകരിക്കപ്പെടുന്നു.











0 comments