യുക്രെയ്ൻ ഡ്രോൺ ആക്രമണം; റിഫൈനറികൾ തകർന്നു, റഷ്യയിൽ കടുത്ത ഇന്ധനക്ഷാമം

റഷ്യയിലെ ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി വരിവരിയായി കാത്തുകിടക്കുന്ന കാറുകൾ | REUTERS/Stringer/File Photo
മോസ്കോ : എണ്ണ ശുദ്ധീകരണ ശാലകൾക്കും ഊർജ നിലയങ്ങൾക്കും നേരെ മാസങ്ങളായി തുടരുന്ന യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉൽപാദക രാജ്യങ്ങളിലൊന്നായ റഷ്യയിൽ പെട്രോൾ പമ്പുകളിൽ മണിക്കൂറുകൾ നീളുന്ന ക്യൂവും ഇന്ധന റേഷനിംഗും ഏർപ്പെടുത്തേണ്ടി വന്നത് തികച്ചും അസാധാരണമായ പ്രതിസന്ധിയായാണ് വിലയിരുത്തുന്നത്.
തലസ്ഥാനമായ മോസ്കോ മുതൽ സൈബീരിയൻ പ്രദേശങ്ങൾ വരെ ഇന്ധനക്ഷാമം വ്യാപിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുദ്ധത്തിന്റെ ആഘാതം സാധാരണക്കാരായ ജനതയെ നേരിട്ട് ബാധിക്കുന്ന വിധത്തിലെത്തി.
കഴിഞ്ഞ മാർച്ച് മുതൽ റഷ്യയിലെയും ക്രിമിയയിലെയും എണ്ണ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ യുക്രൈൻ അമ്പതിലധികം ആക്രമണങ്ങൾ നടത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രമുഖ കൺസൾട്ടൻസിയായ മാക്രോ-അഡ്വൈസറിയുടെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് വീഫർ വ്യക്തമാക്കുന്നത് പ്രകാരം റഷ്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ മൂന്നിലൊന്നും ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്.
ജൂൺ മാസത്തിൽ റഷ്യയുടെ ഇന്ധന സംസ്‌കരണം മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം കുറഞ്ഞ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അതായത് പ്രതിദിനം 3.95 ദശലക്ഷം ബാരലിലേക്ക് ചുരുങ്ങി. പെട്രോൾ ഉൽപാദനത്തിലും 17 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.
പെട്രോൾ പമ്പുകളിൽ ഇപ്പോഴും നീണ്ട ക്യൂ ദൃശ്യമാണെന്നും ആവശ്യമായ ഗ്രേഡിലുള്ള പെട്രോൾ കണ്ടെത്തുന്നത് എളുപ്പമല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സമ്മതിച്ചു. എങ്കിലും ഈ പ്രതിസന്ധി താൽക്കാലികം മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യുദ്ധമുന്നണിയിൽ റഷ്യയുടെ സൈനിക ലോജിസ്റ്റിക്സ് തകർക്കാനും മോസ്കോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനുമാണ് തങ്ങൾ ഈ തന്ത്രപ്രധാനമായ ആക്രമണങ്ങൾ നടത്തുന്നതെന്ന് യുക്രൈൻ വ്യക്തമാക്കി. റഷ്യൻ അനുകൂല അധികാരികൾ ഭരിക്കുന്ന ക്രിമിയയിൽ ഇതിനകം തന്നെ സാധാരണക്കാർക്കുള്ള ഇന്ധന വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു. മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലെ പ്രമുഖ റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ വിപണിയെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്.
യുക്രൈൻ അതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള സൈബീരിയൻ പ്രദേശങ്ങളെയും ഈ ക്ഷാമം ബാധിച്ചു. സ്വന്തമായി വൻകിട റിഫൈനറികളുള്ള ഒംസ്ക് പ്രവിശ്യയിൽ ഇന്ധന നിയന്ത്രണം ഏർപ്പെടുത്തിയത് പ്രാദേശിക വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരു വാഹനത്തിന് പരമാവധി 40 ലിറ്റർ എണ്ണയാണ് നൽകുന്നത്. സബൈകാൽസ്കിയിൽ ഇന്ധനക്ഷാമം മൂലം പൊതുഗതാഗത സർവീസുകൾ വെട്ടിച്ചുരുക്കി. ഇർകുത്സ്കിൽ ഉയർന്ന ഇന്ധനച്ചെലവ് മുൻനിർത്തി ബസ് നിരക്കുകൾ വർധിപ്പിച്ചു.
ആളുകൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് (panic-buying) തടയാൻ അധികൃതർ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ടാങ്ക് നിറയ്ക്കാൻ വാഹനയാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ റഷ്യ പെട്രോൾ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതി നിയന്ത്രിച്ചിരിക്കുകയാണ്. വിപണി സ്ഥിരപ്പെടുത്താൻ ചില സൗഹൃദ രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെങ്കിലും അത് കൃത്യമായ സ്ഥലങ്ങളിലല്ല ഉള്ളത്. റഷ്യ പോലൊരു വലിയ രാജ്യത്ത് ക്ഷാമം നേരിടുന്ന ഇടങ്ങളിലേക്ക് ഇന്ധനം എത്തിക്കുക എന്നത് ആഴ്ചകൾ നീളുന്ന വലിയൊരു ദൗത്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ പാശ്ചാത്യ ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ ആക്രമണത്തിൽ തകർന്ന റിഫൈനറികളിലെ അത്യാധുനിക വിദേശ യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കുന്നത് കനത്ത ചെലവുള്ളതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ്.
മോസ്കോ ഓയിൽ റിഫൈനറിയുടെ പണികൾ തീർക്കാൻ തന്നെ കുറഞ്ഞത് മൂന്ന് മാസമെടുക്കും. കാർഷിക വിളവെടുപ്പ് കാലമായതിനാൽ സെപ്റ്റംബർ വരെ ഇന്ധനത്തിന് ഉയർന്ന ആവശ്യകതയുള്ളതിനാൽ ഈ പ്രതിസന്ധി വേനൽക്കാലം മുഴുവൻ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.











0 comments