print edition റോഹിംഗ്യൻ വംശഹത്യ ; ഹേഗ് കോടതി വിചാരണ തുടങ്ങി

ഹേഗ്
മ്യാൻമറിലെ പട്ടാളഭരണകൂടം റോഹിംഗ്യൻ മുസ്ലീങ്ങളെ വംശഹത്യചെയ്‌ത കേസിൽ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) വിചാരണ ആരംഭിച്ചു. ദശാബ്ദത്തിലേറെയായി ഐസിജെ പരിഗണിക്കുന്ന ആദ്യത്തെ വംശഹത്യ കേസാണിത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ് 2019ൽ മ്യാൻമറിനെതിരെ ലോക കോടതി എന്നറിയപ്പെടുന്ന ഐസിജെയിൽ കേസ് ഫയൽ ചെയ്‌തത്. വാദം കേൾക്കൽ മൂന്നാഴ്‌ച നീളും.
മ്യാൻമർ സൈന്യം റോഹിംഗ്യൻ ന്യൂനപക്ഷത്തെ മനഃപൂർവം ലക്ഷ്യമിട്ട് നശിപ്പിക്കുകയായിരുന്നുവെന്ന് ഗാംബിയ നീതിന്യായ മന്ത്രി ദവ്ദ ജാലോ തിങ്കളാഴ്‌ച കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ പറഞ്ഞു. ഏഴര ലക്ഷത്തോളം റോഹിംഗ്യകളാണ് മ്യാൻമറിൽനിന്ന് അയൽരാജ്യമായ ബംഗ്ലാദേശിലേക്കു പലായനംചെയ്‌തത്.
കൂട്ടക്കൊലകൾ, കുട്ടബലാത്സംഗം, തീവയ്‌പ് തുടങ്ങിയ കുറ്റങ്ങളാണ് അഭയാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യാൻമറിനെതിരെ ഫയൽചെയ്‌തിരിക്കുന്നത്.
കോടതിവിധി മ്യാൻമറിനപ്പുറത്തേക്കും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗാസ വംശഹത്യയിൽ ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയെയും വിധി സ്വാധീനിച്ചേക്കും.










0 comments