സുഡാനിൽ വംശഹത്യയ്ക്ക് സാധ്യത; യുഎൻ റിപ്പോർട്ട്

photo credit: X
ജനീവ: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽ വംശഹത്യയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടന. 2023 ഏപ്രിൽ 15 മുതൽ വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യത്തുടനീളം സുഡാൻ സൈന്യം അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സുമായി (ആർഎസ്‌എഫ്) യുദ്ധത്തിലാണ്.
യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊലചെയ്യപ്പെട്ടിട്ടുള്ളത്. 1.2 കോടിയാളുകൾ യുദ്ധംമൂലം പലായനം ചെയ്‌തിട്ടുണ്ട്. യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രകാരം ഖാർത്തൂമിൽ കുറഞ്ഞത് 106,000 ആളുകളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ട്. കൂടാതെ 3.2 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണ്. വടക്കുകിഴക്കൻ ആഫ്രിക്കയിൽ അഞ്ച് പ്രദേശങ്ങളിൽ ക്ഷാമം പ്രഖ്യാപിച്ചിട്ടുണ്ട്. 130 ലക്ഷംപേർ പലായനം ചെയ്യുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി എന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. സുഡാൻ സൈന്യവും ആർഎസ്‌എഫും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടുള്ളതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ഉപദേഷ്ടാവ് വിർജീനിയ ഗാംബ പറഞ്ഞു.
ചില വംശീയ വിഭാഗങ്ങൾക്കെതിരെ പ്രത്യേകിച്ച് ഡാർഫർ, കോർഡോഫാൻ മേഖലകളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ആശങ്ക ഉണ്ടാക്കുന്നതായി ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞു.ആർഎസ്‌എഫും സഖ്യകക്ഷികളായ സായുധ അറബ് മിലിഷ്യകളും സാഗാവ, മസാലിറ്റ്, ഫർ ഗ്രൂപ്പുകൾക്കെതിരെ വംശീയ ആക്രമണങ്ങൾ നടത്തുന്നുണ്ട്. സുഡാനിൽ വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ വളരെ കൂടുതലാണെന്നും വിർജീനിയ ഗാംബ വ്യക്തമാക്കി.









0 comments