print edition നേപ്പാളിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

നുവാകോട്ടിലെ ദേവീഘട്ടിൽ മണ്ണും ചെളിയും നിറഞ്ഞ വീട് വൃത്തിയാക്കുന്ന ഉടമസ്ഥർ Photo: PTI
കാഠ്‌മണ്ഡു: ഉറ്റവരെ കണ്ടെത്താനുള്ള നേപ്പാൾ ജനതയുടെ കാത്തിരിപ്പ് നീളുന്നു. ഉപകരണങ്ങളുടെ ക്ഷാമം കാരണം പലയിടങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. നേപ്പാൾ സൈന്യം, പൊലീസ്, ആയുധസേനാ വിഭാഗം എന്നിവരെ വൻതോതിൽ പ്രളയബാധിത മേഖലയിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും രക്ഷാഉപകരണങ്ങളുടെ കുറവ് കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ല.
തെർമൽ കാമറ, അക്കൗസ്റ്റിക് ലൈഫ് ഡിറ്റക്‌ടർ (ശബ്‌ദതരംഗം ഉപയോഗിച്ച് മണ്ണിനടിയിൽ ജീവനുള്ള ആളുകളുണ്ടോ എന്ന് കണ്ടെത്താനുള്ള ഉപകരണം) എന്നിവയും ഇല്ല. ഹെലികോപ്‌റ്ററുകളും കിട്ടാനില്ലാത്തതിനാൽ അതീവ ദുഷ്‌കര മേഖലയിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ നടപ്പാക്കാനായില്ല. പൊലീസ് നായ്‌ക്കളുടെ സഹായത്തോടെ ഇതുവരെ 57 മൃതദേഹങ്ങൾ സായുധസേന കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ബോഡി ബാഗുകൾ, കയറുകൾ എന്നിവപോലും ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.
3 ഇന്ത്യക്കാരെ രക്ഷിച്ചു
കാഠ്‌മണ്ഡു: നേപ്പാളിൽ പ്രളയം നാശം വിതച്ച രസുവ ജില്ലയിൽ നേപ്പാൾ സൈന്യം മൂന്ന് ഇന്ത്യക്കാരെ രക്ഷിച്ചു. നേപ്പാളിലെ ഇന്ത്യൻ അംബാസിഡർ നവീൻ ശ്രീവാസ്‌തവയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. നേപ്പാളിലെ രക്ഷാപ്രവർത്തനത്തിനും മൃതദേഹങ്ങൾ തിരിച്ചറിയാനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കായുള്ള 19 അംഗ സംഘം നേപ്പാളിൽ പ്രവർത്തനം ആരംഭിച്ചെന്നും മന്ത്രാലയം പറഞ്ഞു. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം പേരെ രക്ഷപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള ദൗത്യസംഘം നേരത്തെ തന്നെ നേപ്പാളിൽ എത്തിയിരുന്നു.
വ്യാജ വീഡിയോകൾ വ്യാപകം
മിന്നൽപ്രളയത്തിൽ സർവതും തകർന്ന നേപ്പാളിൽ വൻതോതിൽ പ്രചരിച്ച് വ്യാജ വീഡിയോകൾ. രക്ഷാപ്രവർത്തനം ദുഷ്‌കരമായി തുടരുന്നതിനിടെയാണ് എഐ നിർമിത വീഡിയോകൾ ഉൾപ്പെടെ പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച 72 പേർക്കെതിരെ കേസെടുത്തു. വ്യാജ വീഡിയോകളുടെ പ്രചാരണം തടയാനായി നേപ്പാൾ പ്രസ് കൗൺസിൽ പുതിയ പോർട്ടൽ ആരംഭിച്ചു.
യുപി നദിയിൽ വീണ്ടും മൃതദേഹങ്ങൾ
ലഖ്‌നൗ: നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഗന്ധക് നദിയിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നു. ഉത്തർപ്രദേശിലെ കുശിനഗറിൽ ഞായറാഴ്‌ച നാല് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. രണ്ട് സ്‌ത്രീകളുടെയും രണ്ട് പുരുഷൻമാരുടെയും മൃതദേഹമാണ് ദുരന്തനിവാരണസേന കണ്ടെത്തിയത്. നാല് ദിവസത്തിനിടെ 13 മൃതദേഹമാണ് കുശിനഗറിലേക്ക് ഒഴുകിയെത്തിയത്.
മഹാരാജ്ഗഞ്ച് ജില്ലയിൽ നദിയിൽനിന്ന് കണ്ടെത്തിയ നാല് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നേപ്പാളിന് കൈമാറി. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും ഒഴുകിയെത്തിയവയാണിവ.










0 comments