ad
Deshabhimani

Live News രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരം

Nepal flash flood
വെബ് ഡെസ്ക്

Published on Aug 31, 2026, 12:30 AM | 2 min read

കാഠ്മണ്ഠു : നേപ്പാളിലെ പ്രളയമേഖലയിലെ രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളി. മഴ ശക്തമാകുന്നതും പുതിയ ഹിമാനി തടാകങ്ങൾ രൂപകൊള്ളുന്നതും സ്ഥിതിഗതി വഷളാക്കുന്നു. ഇതോടൊപ്പം ത്രിശൂലി ജലവൈദ്യുതപദ്ധതി പ്രദേശത്തെ തുരങ്കത്തിൽ അകപ്പെട്ടവർക്കായുള്ള തെരച്ചിലും ശ്രമകരമാണ്‌. തുരങ്കമുഖത്ത്‌ ചെളിയും കല്ലും അവശിഷ്‌ടങ്ങും മൂടിക്കിടക്കുന്നതും ഇടുങ്ങിയ വഴികളും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം നേപ്പാൾ സുരക്ഷാസേന ഇന്ത്യയിൽനിന്നുള്ള തുരങ്കവിദഗ്ധരുടെ സഹായത്തോടെ തുടരുകയാണ്‌. ഞായറാഴ്ച രക്ഷാപ്രവർത്തകർ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങി.

നാല് ദ്വാരങ്ങൾ തുരക്കുന്നത് പൂർത്തിയായതായും തുരങ്കത്തിനുള്ളിലേക്ക്‌ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണെന്നും നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. തുരങ്കങ്ങൾക്കുള്ളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ്‌ റിപ്പോർട്ട്‌. ത്രിശൂലി 3എ, 3ബി എന്നീ പദ്ധതി പ്രദേശങ്ങളിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം. ദുരന്തത്തിൽ 2,400-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി 15,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും ഹെലികോപ്റ്ററുകൾ തുടർച്ചയായി സർവീസ് നടത്തുന്നു.


ജലനിരപ്പ്‌ ഉയരുന്നു; 
വീണ്ടും പ്രളയസാധ്യത


പ്രളയമേഖലകളിൽ ആശങ്ക ഉയർത്തി ഭോട്ടെ കോസി നദിയിലെ ജലനിരപ്പ്‌ ഉയരുന്നു. ടിബറ്റൻ മേഖലയിൽ പുതിയ ഹിമാനിതടാകം രൂപപ്പെട്ടതായി ചൈന മുന്നറിയിപ്പ്‌ നൽകി. ഭോട്ടെ കോസിയിൽ റസുവ ഭാഗത്ത്‌ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്നുണ്ടെന്നും പ്രളയത്തിന്‌ സാധ്യതയുണെന്നും നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി. പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തകരോട്‌ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്‌. റസുവ, നുവാകോട്ട്, ധാഡിങ്‌, ചിത്വാൻ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രദേശത്ത്‌ മഴ കനത്തതും വെല്ലുവിളി ഉയർത്തിയിട്ടുണ്ട്‌. ശനി വൈകിട്ടോടെ ടിബറ്റ്‌ മേഖലയിലെ ഗൈറോങിന്‌ സമീപം ഹിമാനി തകർന്നതായി ചൈന സ്ഥിരീകരിച്ചു. പുരേപുക്യാങ് സംപോ ബാരിയർ തടാകത്തിന് താഴെ ഹിമാനി പൊട്ടിത്തകർന്ന്‌ ഹിമാനി തടാകം രൂപം കൊണ്ടതായി ഡ്രോൺ നീരീഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്ന്‌ മേഖലയിൽ രക്ഷാപ്രവർത്തകരെ അടിയന്തരമായി ഒഴിപ്പിച്ചതായി ചൈനീസ്‌ -ഒ‍ൗദ്യോഗിക ടെലിവിഷനായ സിസിടിവി റിപ്പോർട്ട്‌ ചെയ്‌തു. ഹിമാനി തടാകം പൊട്ടാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. ദുരന്തത്തിന്റെ പ്രഭവക്രേന്ദ്രം ഇതേ മേഖലയാണെന്നത്‌ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്‌.


സഹായഹസ്തവുമായി ചൈന

ബീജിങ്: നേപ്പാളിന്‌ അടിയന്തര സാമ്പത്തിക സഹായവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും നൽകുമെന്ന്‌ ചൈനീസ് വിദേശമന്ത്രി വാങ് യി നേപ്പാൾ വിദേശമന്ത്രി ശിശിർ ഖനാലിനെ അറിയിച്ചു. തുരങ്കത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കായി രണ്ട്‌ വിദഗ്ധ സംഘത്തെയും ചൈന അയച്ചിട്ടുണ്ട്‌. ദുരന്തബാധിത പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ, സാറ്റലൈറ്റ്- ഹൈഡ്രോളജിക്കൽ വിവരങ്ങൾ എന്നിവയും ഹിമാനി തടാകത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമടക്കം പ്രധാന വിവരങ്ങൾ നേപ്പാളുമായി പങ്കുവച്ചിട്ടുണ്ടെന്ന് ചൈന അറിയിച്ചു. ദുരന്തത്തിന് മുന്നിൽ ഇരു രാജ്യങ്ങളും ഉറച്ചുനിൽക്കുകയും കൈകോർത്ത് പ്രവർത്തിക്കുകയും ബുദ്ധിമുട്ടുകളെ ഒന്നിച്ചു തരണം ചെയ്യുകയും വേണമെന്നും വാങ് യി പറഞ്ഞതായി സിൻഹുവ റിപ്പോർട്ട്‌ ചെയ്‌തു. നേപ്പാളിന് 36 ലക്ഷം ഡോളറിന്റെ മാനുഷിക സഹായം യുഎസും പ്രഖ്യാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home