ചെങ്കടലിൽ സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം; ഇറാനിൽ യുഎസ് വ്യോമാക്രമണം ശക്തമാകുന്നു

ചെങ്കടലിൽ സൗദി എണ്ണക്കപ്പലിന് നേരെ ഹൂതി നടത്തിയ ആക്രമണം| Photo: Social Media
വാഷിങ്‌ടൺ : ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി യമനിലെ ഹൂതി വിമതർ. അമേരിക്ക ഇറാന് നേരെ തുടർച്ചയായ 12-ാം രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കുന്ന പുതിയ സംഭവം. എൻസെലിയ, ലൈല എന്നീ സൗദി എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയത്. സൗദിക്കെതിരെ ഹൂതികൾ സമുദ്ര ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്. തങ്ങളുടെ നാവിക ഉപരോധം ലംഘിച്ചതിനാണ് കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് ഹൂതി സൈനിക വക്താവ് വ്യക്തമാക്കി.
ചെങ്കടലിൽ വച്ച് എൻസെലിയ കപ്പലിന് നേരെ ആക്രമണമുണ്ടായതായും മുൻഭാഗത്ത് തീപിടിത്തമുണ്ടായതായും സൗദി പ്രസ് ഏജൻസിയും യുകെ മാർക്കറ്റൈം ട്രേഡ് ഓപ്പറേഷനും സ്ഥിരീകരിച്ചു. ജീവനക്കാർ അപായമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ ലൈല എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ് ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ ശാലകൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ കനത്ത ആക്രമണം തുടരുകയാണ്.
ദക്ഷിണ ഇറാനിലുണ്ടായ യുഎസ് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണത്തിന് പിന്നാലെ കുവൈറ്റ്, ജോർദാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകി. ഹോർമുസിലെ ആക്രമണത്തെ തുടർന്ന് കടലിടുക്ക് പൂർണമായും അടച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. മൂന്ന് എണ്ണക്കപ്പലുകൾ വഴിതിരിച്ചുവിട്ടതായും ഇതിലൊരു കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ നീക്കം ഹൂതികൾ തടസപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. യുഎസും ഇറാനും തമ്മിൽ ജൂണിൽ ഒപ്പുവച്ച താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.









0 comments