print edition ഗാസയിൽ ചെറുത്തുനിൽപ്പിന്റെ റംസാൻ

ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ റംസാൻവിളക്ക് തൂക്കുന്ന ബാലൻ
റാമള്ള
കൂട്ടക്കൊലയ്ക്കും കുടിയൊഴിപ്പിക്കലിനും പട്ടിണിക്കുമിടയിൽ റംസാനെ വരവേറ്റ് പലസ്‌തീൻ ജനത. ഒക്‌ടോബറിൽ അതീവദുര്‍ബലമായ സമാധാന ഉടന്പടി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ റംസാനാണിത്. വെടിനിര്‍ത്തല്‍ ഉടന്പടി നിലവിലുണ്ടെങ്കിലുംആക്രമണങ്ങൾക്ക് അറുതിയില്ല.
വാസയോഗ്യമില്ലാത്ത കെട്ടിടാവശിഷ്‌ടങ്ങൾക്ക് മേൽ ടെന്റ് കെട്ടി താമസിക്കുന്നവരെ പോലും നിർദയം ആക്രമിക്കുകയാണ് ഇസ്രയേൽ. കൊടുംതണുപ്പിലെ ടെന്റുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾ തണുപ്പത്ത് മരവിച്ച് മരിക്കുന്നു. മഴ ദുരിതം ഇരട്ടിപ്പിക്കുന്നു.
അന്നത്തിനായ് സന്നദ്ധ സംഘടനകളുടെ കരുണ കാത്ത് കഴിയുകയാണ് പതിനായിരങ്ങള്‍. അമിതമായ വിലക്കയറ്റം പട്ടിണി രൂക്ഷമാക്കി. വൈദ്യുതി ഇല്ലാത്തതിനാൽ ഭക്ഷണം ദിവസേന വാങ്ങുകയാണ് മിക്കവരും. പാചകവാതകം കിട്ടാക്കനി. മൂന്ന് വർഷത്തിലധികമായി ക്യാന്പുകളിൽ കഴിയുകയാണ് ഭൂരിഭാഗം ജനങ്ങളും. ഇസ്രയേല്‍ ആക്രമണത്തിന് മുൻപ് മാന്യമായ ജീവിതം നയിച്ചിരുന്നവർ ഇപ്പോള്‍ കടുത്ത പട്ടിണിയിലാണ്. അതിജീവനത്തിനായുള്ള പോരാട്ടവും ഉറ്റവരെ നഷ്ടപ്പെട്ടതിലുള്ള ദുഃഖവുമാണ് എങ്ങും നിഴലിക്കുന്നത്.
എങ്കിലും റംസാന്‍ വ്രതാചരണം അവര്‍ക്ക് നല്ലനാളേയ്ക്കുള്ള പ്രത്യാശ പകരുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ 'അഹ്‌ലൻ റംസാൻ' (റംസാൻ സ്വാഗതം) എന്ന് അറബിയിൽ എഴുതുകയാണ് ഗാസയിലെ കലാകാരന്മാര്‍. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ റംസാൻ വിളക്കുകൾ തൂക്കിയും ചുവരുകളിൽ ചിത്രങ്ങൾ വരച്ചും കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ മുതിർന്നവർ ശ്രമിക്കുന്നു.
സമാധാന ഉടന്പടി നിലവിൽ വന്നശേഷം ഇസ്രയേൽ സൈന്യം 1620 തവണ കരാർ ലംഘിച്ചിട്ടുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പോലും റിപ്പോർട്ട് ചെയ്യുന്നു. ഗാസ വംശഹത്യയിൽ ഇതിനോടകം കൊല്ലപ്പെട്ടവരുടെ എണ്ണം 72,061 കടന്നു. 1,71,715 പേർക്ക് പരിക്കേറ്റു.










0 comments