പശ്ചിമേഷ്യയിൽ സമാധാന നീക്കം; ഖത്തർ ടാങ്കറിന് കടന്നുപോകാൻ അനുമതി നൽകി ഇറാൻ

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
വാഷിംഗ്ടൺ : രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന് വിരാമമിടാനുള്ള നയതന്ത്ര നീക്കങ്ങൾ സജീവമായി. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള സംഘർഷങ്ങൾക്ക് ശനിയാഴ്ച നേരിയ ശമനമുണ്ടായി. യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്താരാഷ്ട്ര സമൂഹം.
അമേരിക്കയുടെ നിർദേശത്തിന് ഉടൻ മറുപടി ലഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഇറാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതിനിടെ റൂബിയോ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ-താനിയുമായി മിയാമിയിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
സംഘർഷം തുടങ്ങിയ ശേഷം ആദ്യമായി ഖത്തറിന്റെ ഒരു എൽഎൻജി ടാങ്കർ ശനിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ പാകിസ്ഥാനിലേക്ക് സഞ്ചരിച്ചു. യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുമായുള്ള വിശ്വാസം നിലനിർത്താൻ ഇറാൻ തന്നെ ഇതിന് അനുമതി നൽകിയതായാണ് റിപ്പോർട്ട്. ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ മേൽ കടുത്ത സമ്മർദമുണ്ട്.
സമാധാന ചർച്ചകൾ നടക്കുമ്പോഴും കടലിടുക്കിൽ ഇടക്കിടെ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിയൻ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ യുഎസ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി തിരിച്ചയച്ചു. വെള്ളിയാഴ്ച ഇറാനിൽ നിന്നെത്തിയ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും യുഎഇ അറിയിച്ചു.










0 comments