print edition ഹംഗറിയിൽ പീറ്റർ മഗ്യാർ അധികാരമേറ്റു

ബുഡാപെസ്റ്റ്: ഹംഗറിയിൽ മധ്യവലതുപക്ഷ ‘തീസ്സ' പാർടി നേതാവ് പീറ്റർ മഗ്യാർ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ശനിയാഴ്ച ബുഡാപെസ്റ്റിലെ പാർലമെന്റ് മന്ദിരത്തിലായിരുന്നു ചടങ്ങ്. തീവ്ര ദേശീയവാദിയായ വിക്ടർ ഓർബന്റെ 16 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യം കുറിച്ചാണ് പീറ്റർ മഗ്യാർ അധികാരത്തിലെത്തിയത്. 199 അംഗ പാർലമെന്റിൽ തീസ്സ പാർടി 141 സീറ്റുകൾ നേടി. ഓർമന്റെ ഫിദേസ് പാർടിയുൾപ്പെടുന്ന തീവ്രവലത് സഖ്യത്തിന് 52 സീറ്റിൽ ഒതുങ്ങി.
അഭിഭാഷകനായ പീറ്റർ മഗ്യാർ ഫിദേസ് പാർടി നേതാവായിരുന്നു. ഓർബന്റെ അഴിമതിക്കും ഏകാധിപത്യ പ്രവണതകൾക്കുമെതിരെ ശബ്ദമുയർത്തി 2024-ലാണ് അദ്ദേഹം തീസ്സ പാർടി രൂപീകരിച്ചത്. അഴിമതി നിർമ്മാർജനം ചെയ്യുമെന്നും ഹംഗറിയുടെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കുമെന്നും പീറ്റർ മഗ്യാർ പറഞ്ഞു.
അഴിമതി ആരോപണങ്ങളെത്തുടർന്ന് യൂറോപ്യൻ യൂണിയൻ തടഞ്ഞുവെച്ചന്ന 17 ബില്യൺ യൂറോയുടെ ഫണ്ട് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ ഓർബൻ സർക്കാർ പാർലമെന്റ് മന്ദിരത്തിൽനിന്നും മാറ്റിയ യൂറോപ്യൻ യൂണിയൻ പതാക വീണ്ടും അവിടെ ഉയർത്തുമെന്ന് തീസ്സ പാർടി പ്രഖ്യാപിച്ചു.











0 comments