അയോധ്യ രാമക്ഷേത്രക്കൊള്ള: അറസ്റ്റിലായ എട്ട് പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ അറസ്റ്റിലായ എട്ട് പ്രതികളെയും കോടതി 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുൻപ് അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നടപടി. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രതികളെ അഴിമതി വിരുദ്ധ കോടതിയിലെ പ്രത്യേക ജഡ്ജി രജത് വർമ്മയ്ക്ക് മുമ്പാകെ ഹാജരാക്കിയത്. പ്രതികളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് പൊലീസ് ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടില്ലെന്ന് സ്പെഷ്യൽ പ്രോസിക്യൂഷൻ ഓഫീസർ ഉമേഷ് ദുബെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി പിരിച്ചെടുത്ത സംഭാവന തട്ടിയെടുത്തു എന്നതാണ് പ്രതികൾക്കെതിരെയുള്ള പ്രധാന കേസ്. നേരത്തെ മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ, കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും റിമാൻഡ് ചെയ്തത്.
അതേസമയം, കോടികളുടെ കൊള്ള സംബന്ധിച്ച് ക്ഷേത്ര ട്രസ്റ്റിന് മുമ്പേ അറിയാമായിരുന്നെന്നും ചമ്പത് റായിയും കൂട്ടരും ഇക്കാര്യം മറച്ചുവച്ചുവെന്നും തെളിഞ്ഞു. അറസ്റ്റിലായ അവിനാശ് ശുക്ലയുടെ വീട്ടിൽനിന്ന് ജൂൺ അഞ്ചിന് കണക്കിൽപ്പെടാത്ത പണം ട്രസ്റ്റ് അംഗങ്ങൾ കണ്ടെത്തി. അന്ന് പൊലീസിൽ പരാതി നൽകാൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയോ അംഗങ്ങളോ തയ്യാറായില്ല. വിവരമറിഞ്ഞ പൊലീസും കണ്ണടച്ചു. കൊള്ളയ്‌ക്കെതിരെ പരാതി നൽകിയ ട്രസ്റ്റ് അക്കൗണ്ടന്റ് മഹിപാൽ സിങ്ങിനെ ചമ്പത് റായ് സ്ഥാനത്തുനിന്ന് മാറ്റി. എട്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ ചമ്പത് റായ് നീക്കിയെന്നും സംഭാവനയായി ലഭിക്കുന്ന സ്വർണം, വെള്ളി, ആഭരണങ്ങളുടെ കണക്ക് ആർക്കുമറിയില്ലെന്നും മഹിപാൽ വെളിപ്പെടുത്തിയിരുന്നു.
അന്വേഷണം ചമ്പത് റായിലേക്ക് നീണ്ടാൽ ആർഎസ്‌എസും ബിജെപിയും പ്രതിക്കുട്ടിലാകുമെന്ന ഘട്ടത്തിലാണ് ആദിത്യനാഥ് സർക്കാർ ഇടപെട്ടത്. തുടര്‍ന്ന് ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. റായിയുടെ അനുയായിയും ഡ്രൈവറുമായ ടിന്നു യാദവുൾപ്പെടെ എട്ടുപേർക്കെതിരെയാണ് എസ്‌ഐടി കേസെടുത്തത്. ചട്ടങ്ങൾ പാലിക്കാതെ ടിന്നുവാണ് ഭണ്ഡാരങ്ങളുടെ താക്കോൽ സൂക്ഷിച്ചത്. ടിന്നുവിന്റെ കൈയിൽ എങ്ങനെ താക്കോലെത്തി എന്നന്വേഷിച്ചാൽ റായിയുടെ പങ്ക് വ്യക്തമാകുമെന്നതിനാൽ ആ വഴിക്കുള്ള അന്വേഷണത്തിനും എസ്‌ഐടി തുനിയുന്നില്ല.











0 comments