ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഫ്രാൻസ്; പൊതുഇടങ്ങളിലെ മദ്യപാനത്തിന് നിയന്ത്രണം

(Photo: Reuters)
പാരിസ്: കടുത്ത ഉഷ്ണ തരംഗത്തിലൂടെ കടന്നുപോവുകയാണ് ഫ്രാൻസ്. സ്‌പെയിനിലും യുകെയിലും ഫ്രാൻസിലും ഉഷ്ണ തരംഗം ആഞ്ഞടിക്കുകയാണ്. ജെർമനിയിലും ചെക്ക് റിപ്പബ്ലിക്കിലും ഉഷ്ണ തരംഗം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. ജർമനിയിലെ താപനില വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് കടന്നു. ചെക്ക് റിപ്പബ്ലിക്കിലും സമാനമായ താപനിലയാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ പൊതുയിടങ്ങളിലെ മദ്യപാനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഏഴ് മണി വരെയും നിയന്ത്രണം. ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച ഏഴ് മണി വരെയും നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. പാരിസിൽ മദ്യം വിൽപ്പന നടത്തുന്ന ടേക്ക് എവേ കൗണ്ടറുകളിൽ വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ശനിയാഴ്ച രാവിലെ ഏഴ് മണിവരെ നിയന്ത്രണമുണ്ടാകും. ശനിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ഏഴ് മണിവരെയും നിയന്ത്രണമുണ്ടാകും. അതേസമയം ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ബാറുകൾക്കും റസ്റ്റോറന്റുകൾക്കും നിയന്ത്രണം ബാധകമല്ല.
യൂറോപ്പിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ ഫലമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകിയിരുന്നു. കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗം നിർത്താതെ ഈ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് നിഗമനം. ഫ്രാൻസ്, ബ്രിട്ടൻ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ റെക്കോർഡ് താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. പല രാജ്യങ്ങളും ഉയർന്ന തലത്തിലുള്ള ഹീറ്റ് അലേർടുകൾ പുറപ്പെടുവിച്ചു. ഉഷ്ണതരംഗം ആരോഗ്യസംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്നും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യമേഖലകൾ അടിയന്തരമായി ആവശ്യമാണെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകി രംഗത്ത് വന്നിരുന്നു.










0 comments