ad
Deshabhimani

ഡേ കെയറിൽ കുട്ടി മറ്റൊരു കുട്ടിയെ 25 തവണ കടിച്ചു; ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപ വാ​ഗ്ദാനം

Pre School

പ്രീ സ്കൂളിലെ സിസിടിവി ദൃശ്യം (Photo: NDTV)

വെബ് ഡെസ്ക്

Published on Jun 26, 2026, 01:50 PM | 2 min read

മുംബൈ: സ്വകാര്യ ഡേ കെയറിൽ ഒരു കുട്ടി മറ്റൊരു കുട്ടിയെ 25 തവണ കടിച്ചതായി ആരോപണം. മഹാരാഷ്ട്ര ഛത്രപതി സംഭാജിന​ഗറിലാണ് സംഭവം. ഡേ കെയർ ജീവനക്കാരിയുടെ അശ്രദ്ധയാണ് ഇത്തരമൊരു ക്രൂര കൃത്യത്തിന് വഴിവെച്ചത്. കുട്ടികളെ മുറിയിൽ പൂട്ടിയിട്ട് ജീവനക്കാരി പോയതിനെ തുടർന്ന് 15 മിനിറ്റോളമാണ് കുട്ടി ആക്രമണത്തിന് ഇരയായത്. സിഡ്കോയിലെ 'ഫസ്റ്റ്ക്രൈ ഇന്റലിറ്റോട്ട്സ്' പ്രീ-സ്കൂളിലാണ് സംഭവം.


കെയർടേക്കർ നാല് കുട്ടികളോടൊപ്പം മുറിയിലിരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ചു കഴിഞ്ഞ് ഒരു കുട്ടി പുറത്തേയ്ക്ക് പോകാൻ ശ്രമം നടത്തി. ആ കുട്ടിയെയും കൂട്ടി പുറത്തേയ്ക്ക് ഇറങ്ങിയ കെയർടേക്കർ ബാക്കി മൂന്ന് കുട്ടികളെ മുറിയിലാക്കി പുറത്ത് നിന്ന് പൂട്ടി. മുറിയിൽ ആരുമില്ലാതായതോടെ ഭയന്ന കുട്ടികൾ കരയുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു കുട്ടി മറ്റേ കുട്ടിയെ കടിച്ച് ആക്രമിക്കാൻ തുടങ്ങിയത്. കുട്ടി വാവിട്ട് കരഞ്ഞിട്ടും രക്ഷിക്കാൻ ഡേ കെയർ ജീവനക്കാർ ആരും എത്തിയിരുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.


കുട്ടിയുടെ മുഖം, മൂക്ക്, ചുണ്ട്, നെഞ്ച്, മുതുക്, കാലുകൾ എന്നിവിടങ്ങളിൽ ഗുരുതരമായ പരിക്കുകളുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രീ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചില്ലെന്നും ആരോപണമുണ്ട്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മാതാപിതാക്കളോട് നിസാരവത്കരിച്ച് സംസാരിക്കുകയും ചെറിയ പോറലുകൾ മാത്രമാണ് ഉള്ളതെന്നും സ്കൂൾ അധികൃതർ പറയുകയും ചെയ്തു. എന്നാൽ വസ്ത്രം മാറ്റി പരിശോധിച്ചപ്പോഴാണ് ശരീരത്തിലുടനീളം കടിയേറ്റ നിലയിൽ ഗുരുതരമായ പരിക്കുകൾ കണ്ടത്. കുട്ടി നിലവിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


സംഭവത്തിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. സിഇഒ ശുഭം മഹേശ്വരി, മാനേജർമാരായ മങ്കേഷ് മുസാലെ, വൈഭവ് സാവദേ, പ്രിൻസിപ്പൽ കാഞ്ചൻ യേവാലെ, വനിതാ കെയർടേക്കർ എന്നിവരുൾപ്പെടെ ആറ് ജീവനക്കാർക്കെതിരെ കേസെടുത്തു. അതേസമയം, കേസ് ഒതുക്കിത്തീർക്കാൻ മാനേജ്മെന്റ് 10 ലക്ഷം രൂപയും മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതായി മാതാപിതാക്കൾ പറയുന്നു. തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ആരോപിച്ചു. നഗരസഭയുടെ ആവശ്യമായ അനുമതികളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതായാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home