ad
Deshabhimani

ഇന്ത്യയുടെ എഐ പരമാധികാരം യുഎസിന് കീഴിലേക്ക്

അമേരിക്കയുടെ പാക്സ് സിലിക്ക സഖ്യത്തിൽ ഇന്ത്യ, സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു

pax
വെബ് ഡെസ്ക്

Published on Jun 26, 2026, 03:05 PM | 2 min read

വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളുടെ വികാസത്തിനായി സുരക്ഷിതവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ എന്ന ആഹ്വാനം ഉയര്‍ത്തി അമേരിക്കൻ താത്പര്യ സംരക്ഷണത്തിനായ് രൂപീകരിച്ച ആഗോള സംഘടനയുടെ പൊതു പ്രസ്താവനയുടെ ഭാഗമായി ഇന്ത്യ. വാഷിംഗ്ടണിൽ നടന്ന രണ്ടാമത് 'പാക്സ് സിലിക്ക'ഉച്ചകോടിയിലെ 'ജോയിന്റ് സ്റ്റേറ്റ്‌മെന്റ് ഓൺ എഐ ഓപ്പർച്യുണിറ്റി'എന്ന സംയുക്ത പ്രസ്താവനയിൽ ഇന്ത്യ ഒപ്പുവെച്ചു.

അമേരിക്കൻ മുൻകൈക്ക് ഇന്ത്യയുൾപ്പെടെ 35രാജ്യങ്ങളാണ് ഔദ്യോഗിക പിന്തുണ നൽകിയിരിക്കുന്നത്.എഐ,ഡിജിറ്റൽ യുഗത്തിൽ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നതിനും കുത്തക കൈവരിക്കുന്നതിനുമായി യു എസ് രൂപം നൽകിയ സംഘടനയാണ് പാക്സ് സിലിക്ക.നിർമ്മിത ബുദ്ധി,സെമികണ്ടക്ടറുകൾ (Microchips),മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയുടെ നിർമ്മാണത്തിനും വിതരണത്തിനുമായി രൂപീകരിച്ചിട്ടുള്ള അന്താരാഷ്ട്ര സഖ്യമാണ്.

അമേരിക്കൻ ഗവൺമെന്റിന്റെ വിദേശനയത്തിന്റെ ഭാഗമായാണ് ഈ സാങ്കേതിക സഖ്യം രൂപീകരിച്ചിരിക്കുന്നത്.അമേരിക്ക മുൻകൈ എടുത്ത ഈ കൂട്ടായ്മയിൽ ഇപ്പോൾ ഇന്ത്യയുൾപ്പെടെ 35രാജ്യങ്ങളും യൂറോപ്യൻ യൂണിയനും മാത്രമാണ് അംഗങ്ങൾ.അർജന്റീന,ജർമ്മനി,നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്.ഭാവിയിലെ ആഗോള സാങ്കേതികവിദ്യയും സാമ്പത്തികരംഗവും നിയന്ത്രിക്കാൻ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് രൂപീകരിച്ച ഒരു തന്ത്രപ്രധാനമായ കൂട്ടായ്മയായാണ് 'പാക്സ് സിലിക്ക' അറിയപ്പെടുന്നത്.


എഐ കാലത്തെ ശീതയുദ്ധം


പാക്സ് സിലിക്ക ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ 'ജോയിന്റ് സ്റ്റേറ്റ്‌മെന്റ് ഓൺ എഐ ഓപ്പർച്യുണിറ്റി' (Joint Statement on AI Opportunity)എന്ന സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. എഐ യുഗത്തിന് അനുയോജ്യമായ,വളർച്ചയ്ക്കും നവീകരണത്തിനും മുൻഗണന നൽകുന്ന നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നാണ് യുഎസ് സാമ്പത്തിക കാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗിന്റെ വിശദീകരണം.

ആദ്യം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ആരാണെന്നതിലല്ല,മറിച്ച് ആരാണ് ആദ്യം നിർമ്മിക്കുന്നതെന്നും കൂടുതൽ ശേഷി കൈവരിക്കുന്നതെന്നതിലുമാണ് എഐയുടെ ഭാവി ഇരിക്കുന്നതെന്ന് ജേക്കബ് ഹെൽബെർഗ് ചൂണ്ടിക്കാട്ടി.കൂടുതൽ ഊർജ്ജം,കൂടുതൽ കമ്പ്യൂട്ടിംഗ് ശേഷി,കൂടുതൽ ചിപ്പുകൾ,കൂടുതൽ പ്രതിഭകൾ എന്നിവയാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും കൂട്ടിച്ചേർത്തു.


കഴിഞ്ഞ വർഷം ഡിസംബറിലാണ് ചുരുക്കം ചില രാജ്യങ്ങളുമായി 'പാക്സ് സിലിക്ക'പദ്ധതിക്ക് തുടക്കമിട്ടത്. തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന 'എഐ ഇംപാക്ട് സമ്മിറ്റിനിടെയാണ്'ഇന്ത്യ ഔദ്യോഗികമായി ഈ പദ്ധതിയുടെ ഭാഗമായത്. ഈ എഐ സമ്മിറ്റ് തന്നെ ആരുടെയോ പ്രേരണയാൽ എന്നവണ്ണം തിരക്കിട്ട് നടത്തിയത് വിമര്‍ശിക്കപ്പെട്ടിരുന്നു. ആഗോള തലത്തിൽ തന്നെ രാജ്യം പരിഹസിക്കപ്പെട്ട വീഴ്ചകളിലേക്കും നടത്തിപ്പ് പിഴവുകളിലേക്കും സമ്മിറ്റ് പരിമിതപ്പെട്ടു.


ചൈനയെയും റഷ്യയെയും

മറികടക്കാൻ


'പാക്സ് സിലിക്ക'എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ആഗോള സാങ്കേതികവിദ്യയിലും ചിപ്പ് വിപണിയിലും ചൈനക്കും റഷ്യയ്ക്കും സമാന രാജ്യങ്ങൾക്കും ലഭിച്ചേക്കാവുന്ന ആധിപത്യം തടയുക എന്നതാണ്.അമേരിക്ക പൂർണ്ണമായി നയിക്കുന്ന,കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള 'പാക്സ് സിലിക്ക'ചിപ് നിര്‍മാണത്തിനുള്ള അപൂര്‍വ്വ സൂക്ഷമമൂലകങ്ങളുടെ ലഭ്യത കൂടി ഉറപ്പാക്കുകയാണ്.ഇതിൽ ചൈനയ്ക്ക് നിലവിലുള്ള മേൽക്കൈ മറികടക്കുകയും ലക്ഷ്യമാവുന്നു.


ഇതോടൊപ്പം എതിര്‍ ചേരിയിലെ റഷ്യ പോലുള്ള രാജ്യങ്ങളും ലക്ഷ്യമാക്കപ്പെടുന്നു. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നാണ് റഷ്യ.എന്നാൽ അമേരിക്ക നയിക്കുന്ന സഖ്യങ്ങളുമായി ഇന്ത്യ അമിതമായി അടുക്കുന്നത് റഷ്യൻ ബന്ധത്തിലും നയതന്ത്ര വിടവുകൾ ഉണ്ടാക്കുന്നു.


അടിയറവ് ആരുടെ തന്ത്രം


'പാക്സ് സിലിക്ക'യെ 'പുതിയ ശീതയുദ്ധം'ആയി വിലയിരുത്തുന്നു.പുതിയ കാലത്തെ ശീതയുദ്ധങ്ങൾ ആയുധങ്ങൾ കൊണ്ടല്ല,മറിച്ച് 'സെമികണ്ടക്ടറുകളും എഐയും'കൊണ്ടാണ് എന്നാണ് വിലയിരുത്തൽ.ഇന്ത്യയും ചൈനയുമായി അതിർത്തിത്തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും,അവരുമായി പൂർണ്ണമായൊരു സാങ്കേതിക യുദ്ധത്തിലേക്ക് കൂടി നേരിട്ട് ഇറങ്ങുന്നത് വരുംകാലങ്ങളിൽ അയൽപക്ക നയതന്ത്രത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക പാക്സ് കൂട്ടായ്മാ നീക്കത്തിന് സമാന്തരമായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.


Related News

അമേരിക്കൻ കമ്പനികളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒപെൻഎഐ എൻവിഡിയ തുടങ്ങിയവയാണ് നിലവിൽ എഐ മേഖല ഭരിക്കുന്നത്. ഇവയുടെ വളര്‍ച്ച ഉറപ്പാക്കുന്ന 'പാക്സ് സിലിക്ക' മുന്നോട്ട് വെക്കുന്നത് സ്വകാര്യ നിക്ഷേപങ്ങൾക്ക് വലിയ സ്വാതന്ത്ര്യം നൽകുന്ന യു എസ് മാതൃകയിലുള്ള നിയമങ്ങളാണ്. ഇത് ഇന്ത്യയുടെ സ്വന്തം ആഭ്യന്തര എഐ സാങ്കേതികവിദ്യകളുടെ (Domestic AI Ecosystem) വളർച്ചയെ ബാധിക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയ്ക്ക് സ്വന്തമായി ഒരു എഐ സോവറിനിറ്റി എന്ന ആവശ്യ ഉന്നയിക്കുന്നവരും ആശങ്കയിലാണ്. ഇന്ത്യൻ ജനതയുടെ ഡാറ്റയും വിപണിയും അമേരിക്കൻ വൻകിട കമ്പനികൾ ചൂഷണം ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് ഇത്തരം സംഘടനാ ബന്ധവങ്ങൾ നയിച്ചേക്കാം എന്ന സാമ്പത്തിക-രാഷ്ട്രീയ വിമർശനവും പിന്നിലുണ്ട്.


ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ,വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (അമേരിക്കാസ്)നാഗരാജ് നായിഡു,ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖർ എന്നിവരടങ്ങുന്ന സംഘമാണ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home