ad
Deshabhimani

ക്രൂരമർദനവും പട്ടിണിയും, രക്ഷപ്പെടാതിരിക്കാൻ ചുറ്റും പിറ്റ്ബുൾ നായ്ക്കൾ! 12 തൊഴിലാളികളെ മോചിപ്പിച്ചു

up

രക്ഷപ്പെട്ട തൊഴിലാളികള്‍

വെബ് ഡെസ്ക്

Published on Jun 26, 2026, 02:57 PM | 2 min read

ലഖ്‌നൗ: അതിക്രൂരമായ സാഹചര്യത്തിൽ തടങ്കലിൽ പാർപ്പിച്ച് അടിമപ്പണി ചെയ്യിച്ചിരുന്ന 12 തൊഴിലാളികളെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മികച്ച ജോലി വാഗ്ദാനം ചെയ്ത് എത്തിച്ച തൊഴിലാളികളെ പട്ടിണിക്കിട്ടും മർദിച്ചും ഫാക്ടറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ ഒരു തൊഴിലാളി ഫാക്ടറിയുടെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്.


ഡിസ്പോസിബിൾ പ്ലേറ്റുകൾ നിർമ്മിക്കുന്ന ഒരു ചെറിയ ഫാക്ടറിയിലാണ് ഈ ക്രൂരത നടന്നിരുന്നത്. ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ നേപ്പാൾ സ്വദേശിയുമാണ് രക്ഷപ്പെട്ട തൊഴിലാളികൾ. ചിലർ കഴിഞ്ഞ 18 മാസത്തിലേറെയായി ഇവിടെ തടവിലായിരുന്നു. റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും ജോലി അന്വേഷിച്ചു നടക്കുന്ന പാവപ്പെട്ട തൊഴിലാളികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്.


ജോലി നൽകാമെന്ന് പറഞ്ഞ് ഫാക്ടറിയിൽ എത്തിച്ചയുടൻ ഇവരുടെ മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പിടിച്ചുവെക്കുകയായിരുന്നു. ഫാക്ടറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയോ, ശമ്പളം ചോദിക്കുകയോ ചെയ്യുന്ന തൊഴിലാളികളെ ഇരുമ്പ് വടികളും മൂർച്ചയുള്ള കമ്പുകളും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പലരുടെയും ശരീരത്തിൽ മാരകമായ പരിക്കുകളാണുള്ളത്. ദിവസവും ഒരു നേരം തവിടുപൊടി ചേർത്ത ഉണക്കറൊട്ടിയും ഉപ്പും മാത്രമാണ് ഇവർക്ക് നൽകിയിരുന്നത്.


തൊഴിലാളികൾ പുറത്തുപോകാതിരിക്കാനും രക്ഷപ്പെടാൻ ശ്രമിക്കാതിരിക്കാനും ഫാക്ടറിക്ക് ചുറ്റും ഭീകരരായ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെ കാവൽ നിർത്തിയിരുന്നു. തൊഴിലാളികളുടെ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രതികൾ കത്തിച്ചു കളഞ്ഞു. കൂലി ചോദിക്കുകയോ നാട്ടിൽ പോകണമെന്ന് പറയുകയോ ചെയ്താൽ മൂർച്ചയുള്ള വടികൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുമായിരുന്നു.


തൊഴിലാളികളുടെ ശരീരത്തിൽ മർദ്ദനമേറ്റ അനേകം ഗുരുതരമായ പരിക്കുകളുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. ഫാക്ടറിക്കുള്ളിൽ ചില തൊഴിലാളികൾ പീഡനം മൂലം മരണപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ആദ്യം രഹസ്യ ഏജന്റിനെ അയച്ച് വിവരങ്ങൾ ഉറപ്പുവരുത്തുകയും, തുടർന്ന് ലേബർ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് ഫാക്ടറി റെയ്ഡ് ചെയ്യുകയുമായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറി ഉടമ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. ബോണ്ടഡ് ലേബർ സിസ്റ്റം (നിരോധന) നിയമം, ചൈൽഡ് ലേബർ നിയമങ്ങൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.


രക്ഷപെടുത്തിയ 12 പേർക്കും നിലവിൽ വിദഗ്ധ വൈദ്യസഹായവും മാനസികാരോഗ്യ കൗൺസിലിംഗും നൽകിവരികയാണ്. ഇതിൽ എട്ട് പേരെ ഇതിനകം തന്നെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് അയച്ചുവെന്നും ബാക്കിയുള്ളവരുടെ പുനരധിവാസത്തിനായി സർക്കാർ വകുപ്പുകളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home