ad
Deshabhimani

സുഡാനിൽ അർധ സൈനിക സേനയുടെ ഡ്രോൺ ആക്രമണം; 5 പേർ കൊല്ലപ്പെട്ടു

Displaced Sudanese Sudan

സുഡാനിലെ യുദ്ധത്തെത്തുടർന്ന് പലായനം ചെയ്യുന്ന ജനത. Photo Credit: AFP

വെബ് ഡെസ്ക്

Published on May 03, 2026, 05:24 PM | 1 min read

കയ്റോ: സുഡാൻ തലസ്ഥാനത്ത് അർധ സൈനിക സേനയുടെ ഡ്രോൺ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടന അറിയിച്ചു. സുഡാനിലെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) കാർട്ടൂമിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ ആക്രമത്തിലാണ് മരണം. സിവിലിയൻ വാഹനത്തിലേക്ക് ഡ്രോൺ പതിച്ചാണ് അപകടമുണ്ടായതെന്ന് പ്രാദേശിക സുഡാനീസ് അവകാശ സംഘടന പറഞ്ഞു.


ശനിയാഴ്ച രാവിലെ വൈറ്റ് നൈൽ പ്രവിശ്യയിൽ നിന്ന് തലസ്ഥാന നഗരമായ ഓംദുർമാനിലേക്ക് പോകുകയായിരുന്ന വാഹനത്തിലാണ് ഡ്രോൺ പതിച്ചതെന്ന് എമർജൻസി ലോയേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. പൊതു റോഡുകളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുകയാണെന്നും എമർജൻസി ലോയേഴ്‌സ് കൂട്ടിച്ചേർത്തു.


കഴിഞ്ഞ വർഷം സുഡാനീസ് സായുധ സേന തിരിച്ചുപിടിച്ചതിനുശേഷം ആർ‌എസ്‌എഫിന്റെ ആക്രമണങ്ങൾ കാർട്ടൂമിൽ കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും അക്രമ പരമ്പരകൾ ആരംഭിച്ചു. മൂന്ന് വർഷത്തിലേറെയായി സുഡാനീസ് സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ യുദ്ധം തുടരുകയാണ്. എന്നാൽ പുതിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച എമർജൻസി ലോയേഴ്‌സ് സംഭവിച്ചത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.


സ്വതന്ത്ര സംഘർഷ നിരീക്ഷണ സ്ഥാപനമായ ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പ്രകാരം, 2023 ഏപ്രിൽ മുതൽ ആരംഭിച്ച യുദ്ധത്തിൽ കുറഞ്ഞത് 59,000 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നാണ് സഹായ സംഘടനകൾ പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home