ഇസ്രയേലിൽ പലസ്തീൻ സ്വദേശി വെടിയേറ്റു മരിച്ചു; ഈ വർഷത്തെ നൂറാമത്തെ കൊലപാതകം

പ്രതീകാത്മക എഐ ചിത്രം
ടെൽ അവീവ് : വടക്കൻ ഇസ്രയേൽ നഗരമായ ഷെഫാ - അംറിൽ ഇസ്രയേൽ പൗരനും പലസ്തീൻ സ്വദേശിയുമായ 50 വയസുകാരൻ വെടിയേറ്റു മരിച്ചു. പലസ്തീൻ വാർത്ത ഏജൻസിയുടെ കണക്കനുസരിച്ച് ഈ വർഷം ഇസ്രയേലിലെ പലസ്തീൻ പൗരന്മാർക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നൂറാമത്തെ കൊലപാതകമാണിത്.
ഭൂരിഭാഗം കൊലപാതക കേസുകളിലും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിൽ ഇസ്രയേൽ പോലീസ് പരാജയപ്പെട്ടുവെന്നും വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഇരകളിൽ 90 പേർ വെടിയേറ്റാണ് മരിച്ചത്. ഒരു സ്ത്രീ വാഹനത്തിന് തീപിടിച്ച് കൊല്ലപ്പെട്ടു. മറ്റുള്ളവർ കുത്തേറ്റ് മരിച്ചവരാണ്. കൊല്ലപ്പെട്ടവരിൽ 48 പേർ 30 വയസ്സിന് താഴെയുള്ളവരാണ്. ഇതിൽ എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. മൂന്ന് പേർ ഇസ്രയേൽ പോലീസിന്റെ വെടിയേറ്റാണ് മരിച്ചത്.
വിവേചനപരമായ നിയമനിർമാണങ്ങൾക്ക് പുറമെ ഇസ്രയേലിലെ പലസ്തീൻ പൗരന്മാർ അക്രമങ്ങളും നേരിടുന്നുണ്ട്. 2025ൽ ഇസ്രയേലിൽ കൊല്ലപ്പെട്ട 300 പേരിൽ 252 പേരും പലസ്തീൻ പൗരന്മാരായിരുന്നു. 2019ലെ ഇസ്രയേൽ സെൻസസ് പ്രകാരം ഏകദേശം 1.9 ദശലക്ഷം പലസ്തീൻ പൗരന്മാർ ഇസ്രയേലിലുണ്ട്.
1948ൽ ഇസ്രയേൽ സ്ഥാപിതമായപ്പോൾ അവിടെത്തന്നെ തുടർന്ന പലസ്തീനികളുടെ പിൻഗാമികളാണിവർ. ഇസ്രയേൽ രൂപീകരണ സമയത്ത് ഏകദേശം 7,50,000 ഫലസ്തീനികൾ ആട്ടിയോടിക്കപ്പെടുകയോ പലായനം ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്തിരുന്നു. അന്ന് ആയിരക്കണക്കിന് പേർ സയണിസ്റ്റ് ഭീകരതയിൽ കൊല്ലപ്പെടുകയും ചെയ്തു.










0 comments