പ്രണയം സമൂഹമാധ്യമത്തിലൂടെ, വീഡിയോ കോളിൽ വിവാഹം: തട്ടിപ്പിനിരയായതായി പാക് മുൻ മന്ത്രി

കറാച്ചി: സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ നേരിൽക്കണ്ടപ്പോൾ വിവാഹമോചനവും നൽകി ,കാര്യം കഴിഞ്ഞു. സിന്ധ് പ്രവിശ്യാ മുൻമന്ത്രിയായ ഗുലാം റസൂൽ ഉന്നാറാണ് ഭാര്യ റസിയ അർബാബിനെതിരേ കറാച്ചി സെഷൻസ് കോടതിയിൽ പരാതിനൽകിയത്. പാകിസ്താനിലെ ഇലക്ട്രോണിക് ക്രൈംസ് പ്രിവൻഷൻ ആക്ട് (പി.ഇ.സി.എ.) പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.
നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങൾ കാണിച്ച് കബളിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് പാകിസ്താൻ മുൻ മന്ത്രി കോടതിയെ സമീപിച്ചു.ഭാര്യയെ ചടങ്ങുകൾക്കുശേഷം നേരിൽക്കണ്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്. നേരിൽക്കണ്ട യുവതിയുടെ മുഖവും മുൻപ് അയച്ചുനൽകിയ ഫോട്ടോയും തമ്മിൽ യാതൊരു സാമ്യവുമില്ലായിരുന്നു. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട റസിയ, എ.ഐ. നിർമിത ചിത്രം നൽകി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ചിത്രങ്ങൾ വിശ്വസിച്ച റസൂൽ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ വീഡിയോ കോളിലൂടെ വിവാഹിതരായി. യുവതി നിരന്തരം ശല്യംചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മരണപ്പെട്ടെന്ന രീതിയിലുള്ള വ്യാജവാർത്തകളും ഫോട്ടോകളും ഇവർ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു










0 comments