തെറ്റ് സമ്മതിച്ച് എൻടിഎ; യുജിസി-നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഗുരുതര പിഴവുകളെ തുടർന്ന് യുജിസി നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി (എൻടിഎ). ഈ വർഷം ജൂണിൽ നടന്ന പരീക്ഷയിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിലാണ് പുനഃപരീക്ഷ. ചോദ്യപേപ്പറുകളിൽ വിവിധ തരത്തിലുള്ള പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
സെപ്റ്റംബർ 9, 10 തീയതികളിലായി പരീക്ഷ നടക്കും. സെപ്റ്റംബർ 9-ന് രാവിലെ 9 മുതൽ 12 വരെയുള്ള ഒന്നാം ഷിഫ്റ്റിൽ ഇംഗ്ലീഷും ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും.
സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10-ന് രാവിലെ 9 മുതൽ 12 വരെ നടക്കും.. നേരത്തെ ഈ മൂന്ന് വിഷയങ്ങളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികളിൽ നിന്ന് വീണ്ടും പരീക്ഷാ ഫീസ് ഈടാക്കില്ല.
ചോദ്യപേപ്പറുകളിൽ വസ്തുതാപരവും അച്ചടിയിലും വിവർത്തനത്തിലുമുള്ള പിഴവുകൾ വന്നതായി എൻടിഎ സമ്മതിച്ചു. പ്രമുഖരുടെ പേരുകളിലും പുസ്തകങ്ങളുടെ പേരുകളിലും തെറ്റുകൾ, ചോദ്യങ്ങളുടെ രൂപീകരണത്തിലെ അപാകതകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, മുൻ പരീക്ഷകളിലെ നിരവധി ചോദ്യങ്ങൾ ആവർത്തിച്ചതായും എൻടിഎ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് വിഷയങ്ങളിൽ പരീക്ഷ വീണ്ടും നടത്താൻ എൻടിഎ തീരുമാനിച്ചത്.









0 comments