കള്ളക്കടൽ പ്രതിഭാസം; 9 ജില്ലകളിൽ ജാഗ്രതാ നിർദേശം, കടലാക്രമണത്തിന് സാധ്യത

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം FH മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല FH മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസറഗോഡ് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമാണ് ഉയർന്ന തിരമാലകൾ മൂലം കടലാക്രമണത്തിന് സാധ്യത അറിയിച്ചിരിക്കുന്ന തീരങ്ങൾ.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഞായർ രാത്രി മുതൽ ചൊവ്വ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയച്ചു.
പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ;
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.









0 comments