ഒറ്റപ്പാലത്ത് 3 ലീഗ് കൗൺസിലർമാർക്ക് കുരുക്ക്; അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് പരാതി

സ്വന്തം ലേഖകൻ
Published on Aug 16, 2026, 10:06 PM | 1 min read
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മൂന്ന് വാർഡുകളിലെ മുസ്ലിംലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പരാതി. 9, 11, 27 വാർഡുകളിൽ ആറുമാസത്തിലധികമായി വാർഡ് സഭ വിളിച്ചുചേർക്കാത്തതിനെ തുടർന്നാണ് വോട്ടർമാർ പരാതി നൽകിയത്. വാർഡ് സഭാ കൺവീനർമാർ കൂടിയായ കൗൺസിലർമാരായ പി എം എ ജലീൽ, ഉമ്മർ ഫാറൂഖ്, മുഹമ്മദ് ഫായീസ് എന്നിവർക്കെതിരെയാണ് വോട്ടർമാർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം മൂന്ന് മാസത്തിലൊരിക്കൽ വാർഡ് സഭ വിളിച്ചുചേർക്കേണ്ടത് കൗൺസിലറുടെ ബാധ്യതയാണ്. ഈ വാർഡുകളിൽ അവസാനമായി വാർഡ് സഭ ചേർന്നത് ഫെബ്രുവരി രണ്ടിനാണ്. മെയ് രണ്ടിനകവും പിന്നീട് ആഗസ്‌ത് രണ്ടിനകവും യോഗങ്ങൾ ചേരേണ്ടിയിരുന്നു. എന്നാൽ ചേർന്നില്ല. തുടർച്ചയായി രണ്ടുതവണ വാർഡ് സഭ വിളിച്ചുചേർക്കുന്നതിൽ പരാജയപ്പെട്ടാൽ കൗൺസിലർക്ക് അയോഗ്യത കൽപ്പിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വോട്ടർമാർക്ക് യാതൊരുവിധ അറിയിപ്പുകളും നൽകിയിട്ടില്ലെന്നും ഇത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, വാർഡ് സഭകൾ പൂർത്തിയാകും മുന്പ് നഗരസഭയുടെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതിനെതിരെ ലീഗ് കൗൺസിലർ പി എം എ ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതി ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് യുഡിഎഫ് പക്ഷത്തെ എട്ട് വാർഡുകളിലാണ് ആദ്യം വാർഡ് സഭകൾ ബഹിഷ്കരിച്ചത്. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം വാദംകേട്ട തദ്ദേശഭരണ വകുപ്പ്, ജൂലൈ 31-നകം മുഴുവൻ വാർഡ് സഭകളും നടത്തണമെന്നും അല്ലാത്തപക്ഷം കൗൺസിലർമാർക്കെതിരെ തുടർനടപടിയെടുക്കാമെന്നും ഉത്തരവിട്ടു.
ഇതിനുപിന്നാലെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും യോഗം വിളിച്ചുചേർത്തെങ്കിലും മൂന്ന് ലീഗ് കൗൺസിലർമാർ അതിന് തയ്യാറായില്ല. പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള ജനങ്ങളുടെ അവകാശത്തെ കൗൺസിലർമാർ അട്ടിമറിച്ചതായാണ് പ്രധാന ആരോപണം. അയോഗ്യത സംബന്ധിച്ച് പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തെരഞ്ഞെടുപ്പ് കമീഷനാണ്.









0 comments