കൂട്ടുപ്രതിയെ അന്വേഷിച്ചെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചു; ഉദ്യോഗസ്ഥർക്ക് പരിക്ക്, നാല് പേർ പിടിയിൽ

പിടിയിലായ പ്രതികൾ
കൊച്ചി: ലഹരിക്കേസില്‍ പിടിയിലായ യുവാവിന്റെ കൂട്ടുപ്രതിയെ തേടിപ്പോയ എക്‌സൈസ് സംഘത്തെ കൈയേറ്റം ചെയ്‌ത നാലുപേർ അറസ്‌റ്റിൽ. രണ്ടുമുതല്‍ അഞ്ചുവരെ പ്രതികളായ തമ്മനം ആലംതുരുത്തില്‍ അഖില്‍, പെരുമ്പിള്ളിയില്‍ അജിത്, പൂതുതറയില്‍ ആന്റണി, വിനീഷ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി പുളിക്കല്‍ വീട്ടില്‍ വൈശാഖ്, ആറാം പ്രതി വിനേഷ് എന്നിവര്‍ രക്ഷപ്പെട്ടതായി എക്‌സൈസ് പറഞ്ഞു. ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
എറണാകുളം എക്‌സൈസ് ഓഫീസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിയാസ്, ഡ്രൈവര്‍ വിഷ്ണുകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കനക എന്നിവര്‍ക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയില്‍ ചികിത്സ തേടി.
ശനി വൈകിട്ട് തമ്മനം എ കെ ജി നഗറിലാണ് സംഭവം. എറണാകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അഭിരാജും സംഘവും അക്ഷയ് കുമാര്‍ എന്നയാളിൽ നിന്ന് ശനിയാഴ്ച മെത്താംഫിറ്റമിന്‍ പിടികൂടിയിരുന്നു. വൈശാഖ് എന്ന സുഹൃത്തുമായി ചേർന്ന് ഡല്‍ഹിയില്‍ നിന്ന് 200 ഗ്രാം എംഡിഎംഎ കൊണ്ടുവന്നതായി അക്ഷയ്‌കുമാർ മൊഴിനൽകിയെന്ന് എക്‌സൈസ് പറയുന്നു. അതില്‍നിന്ന് കുറച്ച് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പോകുന്ന വഴിക്കാണ് എക്‌സൈസ് സംഘം പിടികൂടിയതെന്നും അക്ഷയ്‌കുമാർ മൊഴി നല്‍കി. ബൈക്കിലെത്തിയ വൈശാഖ് എക്‌സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം വൈശാഖിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.









0 comments