അഫ്ഗാനിസ്ഥാനിൽ പാക് മിസൈൽ ആക്രമണം; സർവകലാശാലയിലും ജനവാസ കേന്ദ്രങ്ങളിലും സ്ഫോടനം, ഏഴ് മരണം

Photo Credit: Social Media
അസദാബാദ്: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ജനവാസ മേഖലകൾക്കും സർവകലാശാലയ്ക്കും നേരെ പാകിസ്ഥാൻ നടത്തിയ മോർട്ടാർ-മിസൈൽ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെ 85 പേർക്ക് പരിക്കേറ്റതായി അഫ്ഗാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സർവകലാശാല ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന ആരോപണം പാകിസ്ഥാൻ നിഷേധിച്ചു.
ഈ മാസം ആദ്യം ചൈനയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വലിയ അക്രമ സംഭവമാണിത്. ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാൻ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. തങ്ങൾ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലാണെന്ന് ഇസ്ലാമാബാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ പോലുള്ള ഭീകരസംഘടനകൾക്ക് അഫ്ഗാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ പ്രധാന ആരോപണം. എന്നാൽ ഈ വാദം അഫ്ഗാൻ ഭരണകൂടം തള്ളിക്കളയുന്നു. താലിബാൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണങ്ങളാണ് തങ്ങൾ നടത്തുന്നതെന്നും സർവകലാശാലയ്ക്ക് നേരെ ആക്രമണം നടത്തിയെന്നത് അടിസ്ഥാനരഹിതമായ കള്ളമാണെന്നുമാണ് പാക് വാർത്താവിതരണ മന്ത്രാലയത്തിന്റെ നിലപാട്.
കുനാർ പ്രവിശ്യയുടെ തലസ്ഥാനമായ അസദാബാദിലെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ മുപ്പതോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റതായി അഫ്ഗാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വീടുകൾക്ക് നേരെ നടന്ന ഷെല്ലാക്രമണത്തിൽ നിരവധി സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സമാധാന ശ്രമങ്ങൾക്കായി ചൈനയെ കൂടാതെ തുർക്കി, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും ഇടപെടുന്നുണ്ടെങ്കിലും അതിർത്തിയിലെ സംഘർഷം ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.










0 comments