അഫ്ഗാനിൽ പാകിസ്ഥാൻ വ്യോമാക്രമണം: കാബൂളിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ മരണസംഖ്യ 400 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാകിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ വൻ ജീവഹാനി. കാബൂളിലെ പ്രധാന പുനരധിവാസ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം മരണസംഖ്യ 400 കടന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ചികിത്സയിലുണ്ടായിരുന്ന രോഗികളും ഡോക്ടർമാരുമാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പാക് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ച് അഫ്ഗാനിൽ ആക്രമണം നടത്തിയത്. ആശുപത്രി സമുച്ചയത്തിന് നേരെ തുടർച്ചയായി മിസൈൽ വർഷമുണ്ടായതോടെ കെട്ടിടം പൂർണ്ണമായും തകർന്നു.
അപകടസമയത്ത് നൂറുകണക്കിന് ആളുകൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാകിസ്ഥാൻ നൽകുന്ന വിശദീകരണം. എന്നാൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ആശുപത്രികൾക്ക് നേരെ ബോംബാക്രമണം നടത്തുന്നത് അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാൻ പോലും സാധിക്കാത്ത വിധം കാബൂളിലെ ആരോഗ്യ മേഖല പ്രതിസന്ധിയിലാണ്.
ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തികളിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയിൽ ഒരു പൂർണ്ണ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിൽ തെളിയുന്നത്.










0 comments