അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ വ്യോമാക്രമണം: 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

കാബൂൾ: അന്താരാഷ്ട്ര കരാറുകളും സമാധാന ചർച്ചകളും കാറ്റിൽപ്പറത്തി അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ പാകിസ്ഥാൻ വീണ്ടും നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടം. ബുധനാഴ്ച പുലർച്ചെയോടെ ഉണ്ടായ ആക്രമണത്തിൽ 11 കുട്ടികളും ഒരു സ്ത്രീയും പ്രായമായ ഒരാളും ഉൾപ്പെടെ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു.
ആക്രമണത്തിൽ 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാർ, പക്തിക എന്നീ പ്രവിശ്യകളിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കിയാണ് പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതെന്ന് താലിബാൻ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
പാകിസ്ഥാൻ അന്താരാഷ്ട്ര വ്യോമാതിർത്തി ലംഘിച്ചതായും സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും താലിബാൻ ആരോപിച്ചു. എന്നാൽ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പാകിസ്ഥാൻ സൈന്യമോ സർക്കാരോ ഇതുവരെ തയ്യാറായിട്ടില്ല.
ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഹസൻ ഖേൽ മേഖലയിലുള്ള സുരക്ഷാ പോസ്റ്റിന് നേരെ പാക് താലിബാൻ ഭീകരർ നടത്തിയ അതിശക്തമായ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ വ്യോമാക്രമണം.
ഭീകരരുമായുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ഫെഡറൽ കോൺസ്റ്റബുലറിയിലെ 6 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് ഭീകരരെ വധിച്ചതായും ചെക്ക് പോസ്റ്റ് പിടിച്ചെടുക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതായും പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മാസങ്ങളായി തുടരുന്ന പോരാട്ടം കഴിഞ്ഞ ഫെബ്രുവരി മുതൽ ഇരു രാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ അതിർത്തി യുദ്ധമാണ് നിലനിൽക്കുന്നത്. തങ്ങളുടെ മണ്ണിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ഫെബ്രുവരി അവസാന വാരം അഫ്ഗാനിസ്ഥാൻ പാകിസ്ഥാന് നേരെ അതിർത്തി കടന്ന് പ്രത്യാക്രമണം നടത്തിയിരുന്നു.
ഇതോടെ അഫ്ഗാനിസ്ഥാനുമായി പരസ്യമായ യുദ്ധത്തിലാണെന്ന് പാകിസ്ഥാൻ പ്രഖ്യാപിക്കുകയായിരുന്നു. അതിർത്തിയിലെ വ്യോമാക്രമണം മേഖലയെ കൂടുതൽ വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്.









0 comments