ജാഫർ എക്സ്പ്രസിനു നേരെ വീണ്ടും ആക്രമണശ്രമം: ട്രാക്കില്‍ സ്ഫോടനം

jaffar express
വെബ് ഡെസ്ക്

Published on Nov 17, 2025, 06:14 PM | 1 min read

കറാച്ചി : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജാഫർ എക്സ്പ്രസിനു നേരെ വീണ്ടും ആക്രമണശ്രമം. സ്ഫോടനത്തിൽ നിന്ന് ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. സുരക്ഷാ കാരണങ്ങളാൽ ഏകദേശം ഒരാഴ്ചയോളം നിർത്തിവച്ച ശേഷം കഴിഞ്ഞ ദിവസമാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.


26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മാസങ്ങൾക്ക് ശേഷമാണ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ നസിറാബാദ് പ്രദേശത്ത് ഞായറാഴ്ച ട്രെയിൻ ലക്ഷ്യമാക്കി ആക്രമണം നടന്നത്. ക്വറ്റയിൽ നിന്ന് പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസ് പോകുന്ന റൂട്ടിലെ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിൽ ട്രാക്കിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പക്ഷേ ട്രെയിന് അപകടമുണ്ടായില്ല. സ്ഫോടനത്തെ തുടർന്ന് ഏതാനും മണിക്കൂറുകൾ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു.


സുരക്ഷാ സേന പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി നസിറാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് ഗുലാം സർവാർ പറഞ്ഞു. തകർന്ന ട്രാക്കുകൾ ശരിയാക്കിയതായും കൂട്ടിച്ചേർത്തു. സുരക്ഷാ കാരണങ്ങളാൽ ഈ മാസം ആദ്യം ക്വറ്റയ്ക്കും പെഷവാറിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ നിർത്തിവച്ചിരുന്നു. ശനിയാഴ്ചയാണ് സർവീസ് പുനരാരംഭിച്ചതായി പാകിസ്ഥാൻ റെയിൽവേ അറിയിച്ചത്.


ജാഫർ എക്സ്പ്രസിൽ വിമതർ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. ഈ വർഷം നിരവധി തവണ ജാഫർ എക്സ്പ്രസിനു നേരെ ആക്രമണം നടന്നിരുന്നു. മാർച്ച് 11ന് 380 യാത്രക്കാരുമായി പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ബി‌എൽ‌എ ഹൈജാക്ക് ചെയ്തു. സംഘർഷത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ, സിന്ധ് പ്രവിശ്യയിൽ റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി നിരവധി പേർക്ക് പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home