ad
Deshabhimani

തുറന്നുപറഞ്ഞ പ്രണയങ്ങൾ

amalia

PHOTO CREDIT: X

avatar
ഡി കെ അഭിജിത്‌

Published on Apr 22, 2025, 08:31 AM | 1 min read

1948

‘പ്രിയ അമാലിയ, ഞാൻ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. നിനക്കായി ഞാനൊരു വെളുത്ത വീട് വാങ്ങും. നമ്മൾ രണ്ടുപേരും അതിൽ സുഖമായി ജീവിക്കും.. ഈ വിവാഹത്തിന്‌ സമ്മതിച്ചില്ലെങ്കിൽ ഞാനൊരു വൈദികനാകും''. പ്രണയവും ഭീഷണിയും ചുരുക്കം വാക്കുകളിലൊതുക്കിയ ആ പ്രേമലേഖനം ബ്യൂണസ്‌ ഐറിസിലെ ഫ്‌ളോറസിലുള്ള 12 വയസ്സുകാരൻ ജോർജ്‌ മരിയോ ബെർഗോളിയോ എഴുതിയാതായിരുന്നു, അയൽവാസിയായ പെൺകുട്ടിക്ക്‌. പ്രണയാഭ്യർഥനയ്‌ക്കൊപ്പമുള്ള ഭീഷണി കണ്ട്‌ അമാലിയ ദമോണ്ടെ ഞെട്ടി. "നോ" എന്നായിരുന്നു അമാലിയായുടെ മറുപടി. പ്രേമലേഖനം വാങ്ങിയതിന് പപ്പയുടെ കിഴുക്ക് കിട്ടിയതാണ് കാരണം. അമാലിയായുടെ പ്രണയനിരാസത്തിൽ ആ പയ്യൻ പറഞ്ഞതുപോലെതന്നെ ചെയ്‌തു. വൈദികനായി, കത്തോലിക്കാ സഭയുടെ തലവനായി... ഫ്രാൻസിസ്‌ മാർപാപ്പയായി.


2010ൽ നൽകിയ ഒരു അഭിമുഖത്തിൽ അന്ന്‌ കർദിനാളായിരുന്ന ബെർഗോളിയോ തന്നെയാണ്‌ ഈ പ്രേമരഹസ്യം വെളിപ്പെടുത്തിയത്‌. അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അമാലിയയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. ഫ്ളോറസിൽ ബെർഗോളിയോയുടെ കുടുംബവീടിനടുത്തുതന്നെയാണ്‌ അമാലിയ പിന്നീടും താമസിച്ചത്‌. പിന്നീടും രണ്ടുവട്ടം പ്രണയത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന്‌ മാർപാപ്പ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്‌. സെമിനാരിയിലെ പഠനത്തിന്റെ ആദ്യവർഷത്തിൽ ചലച്ചിത്രമേഖലയിൽനിന്നുള്ളഒരു പെൺകുട്ടിയുമായിട്ടായിരുന്നു ഒന്ന്‌. ചിറ്റപ്പന്റെ വിവാഹവേളയിൽ കണ്ട യുവതിയാണ്‌ പിന്നീട്‌ മനസ്സിലുടക്കിയത്‌. എപ്പോഴും മനസ്സിൽ അവൾ മാത്രമായിരുന്നതിനാൽ ഒരാഴ്‌ച പ്രാർഥിക്കാൻപോലും കഴിയുമായിരുന്നില്ല. സ്വാഭാവികമായ ഇത്തരം അപഭ്രംശങ്ങളില്ലെങ്കിൽ നമ്മൾ മനുഷ്യരാകില്ലല്ലോ എന്നാണ്‌ പാപ്പയുടെ ചോദ്യം.


ചെ പഠിച്ച സർവകലാശാലയിൽ

ചെ ഗുവേരയടക്കം നിരവധി പ്രതിഭകളെ സംഭാവനചെയ്‌ത യൂണിവേഴ്‌സിറ്റി ഓഫ്‌ ബ്യൂണസ്‌ ഐറിസിൽനിന്നാണ്‌ ഫ്രാൻസിസ്‌ പാപ്പ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയത്‌. സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ആയിട്ടുള്ള അഞ്ചുപേർ നൊബേൽ സമ്മാനം നേടിയിട്ടുണ്ട്‌. അർജന്റീനയുടെ 15 പ്രസിഡന്റുമാർ ഇവിടെ പഠിച്ചവരാണ്‌. ബിരുദാനന്തര ബിരുദം നേടിയതിനുശേഷം 1957ലാണ്‌ വില്ല ഡെവൊട്ടോ സെമിനാരിയിൽ വൈദികപഠനത്തിന്‌ ചേർന്നത്‌. 1960ൽ ചിലിയിലെ സാന്തിയാഗോ പാദ്രേ ഹുർത്താദോയിൽ ഹ്യൂമാനിറ്റീസ്‌ പഠനം. തുടർന്ന്‌ ബ്യൂണസ്‌ ഐറിസിലെ സാൻ മിഖുവേൽ സെമിനാരിയിൽനിന്ന്‌ തത്വശാസ്‌ത്രത്തിൽ ബിരുദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home