യുഎസിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു

പ്രതീകാത്മകചിത്രം
വാഷിങ്ടൺ : യുഎസിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചുകൊന്നു. ന്യൂയോർക്ക് സിറ്റിയിലാണ് ദാരുണമായ സംഭവം. ക്വീൻസിലെ ലോങ് ഐലൻഡ് സിറ്റിയിലെ 12 സ്ട്രീറ്റിലുള്ള വസതിയിൽ പുലർച്ചെയായിരുന്നു സംഭവമെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റ് പറഞ്ഞു. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞാണ് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്.
അമ്മയ്ക്കും സുഹൃത്തിനും ഇടയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ വളർത്തുന്ന ആറ് മാസം പ്രായമുള്ള ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ മിക്സ് നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കുട്ടി ഉറങ്ങിക്കിടക്കുമ്പോഴാണ് വളർത്തുനായ അക്രമാസക്തമായതെന്ന് അമ്മ അധികൃതരെ അറിയിച്ചു. കട്ടിലിലേക്ക് ചാടിക്കയറിയ നായ കുട്ടിയുടെ മുഖത്ത് കടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ അമ്മ തന്നെയാണ് 911ൽ വിളിച്ച് അധികൃതരെ വിവരമറിയിച്ചത്.
തുടർന്ന് നായയെ ആനിമൽ കൺട്രോൾ ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്ന് മാറ്റി. അധികൃതർ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും കുറ്റമൊന്നും ചുമത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുമ്പും കുട്ടിയുടെ മാതാപിതാക്കളുണ്ടാക്കിയ പ്രശ്നത്തെ തുടർന്ന് പൊലീസ് ഇവിടങ്ങളിൽ എത്തിയിട്ടുണ്ടെന്നും വളർത്തുനായയെ നിയന്ത്രണമില്ലാതെ അഴിച്ചുവിടുന്നത് ഇവരുടെ പതിവായിരുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അയൽക്കാർ പറഞ്ഞു.









0 comments