ഇൻസ്റ്റഗ്രാം റീലുകളിലെ ആ ഹിറ്റ് ശബ്ദത്തിനുടമ ഇനിയില്ല; 'ലൈഫ് ഗോസ് ഓൺ' ഗായകൻ അന്തരിച്ചു

റിയോ ഡി ജനീറോ: പ്രശസ്ത അമേരിക്കൻ ആൾട്ട്-പോപ്പ് സംഗീതജ്ഞനും സോഷ്യൽ മീഡിയ താരവുമായ ഒലിവർ ട്രീ (32) ബ്രസീലിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചു. റിയോ ഡി ജനീറോയ്ക്ക് മുകളിൽ വെച്ച് രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദുരന്തത്തിൽ ഒലിവർ ട്രീ ഉൾപ്പെടെ ആറ് പേർ മരണപ്പെട്ടു. തന്റെ അന്താരാഷ്ട്ര മ്യൂസിക് ടൂറിന്റെ ഭാഗമായി ബ്രസീലിൽ എത്തിയതായിരുന്നു അദ്ദേഹം.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 09:00 മണിയോടെയാണ് അപകടമുണ്ടായതെന്ന് റിയോ ഡി ജനീറോ മിലിട്ടറി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കൂട്ടിയിടിച്ച ഹെലികോപ്റ്ററുകളിലൊന്ന് ഒരു കാർ പാർക്കിംഗ് ഏരിയയിലേക്ക് തകർന്നുവീഴുകയും തുടർന്നുണ്ടായ വൻ തീപിടുത്തത്തിൽ ഇരുപതോളം വാഹനങ്ങൾ കത്തിയമരുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ ബ്രസീലിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ദുരന്തത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.
അർജന്റീനിയൻ യൂട്യൂബറായ ഗാസ്പി (Gaspar Prim Diaz) എന്നറിയപ്പെടുന്ന ഗാസ്പർ പ്രിം ഡയസും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ലൂക്കാസ് ബ്രിട്ടോ ഷാവേസ്, ലൂക്കാസ് വിഗ്നാലെ, പൈലറ്റ് അലക്സാണ്ടർ സൗസ എന്നിവരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർ. രണ്ടാമത്തെ ഹെലികോപ്റ്ററിൽ പൈലറ്റായ ചാൾസ് മാർസിലാക് മാത്രമാണുണ്ടായിരുന്നത്.
1993-ൽ കാലിഫോർണിയയിൽ ജനിച്ച ഒലിവർ ട്രീ, 2016-ലാണ് സോഷ്യൽ മീഡിയയിലൂടെ ആഗോള ശ്രദ്ധ നേടുന്നത്. തന്റെ വ്യത്യസ്തമായ ബോൾ ഹെയർകട്ടും 'ലൈഫ് ഗോസ് ഓൺ', 'മിസ് യു', 'ഏലിയൻ ബോയ്' തുടങ്ങിയ ഹിറ്റ് ഗാനങ്ങളും വഴി ദശലക്ഷക്കണക്കിന് ആരാധകരെ അദ്ദേഹം സ്വന്തമാക്കി. ജൂൺ 6-ന് സാവോപോളോയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സംഗീത പരിപാടി.
ഒലിവർ ട്രീയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രമുഖ ബ്രിട്ടീഷ് താരം കെഎസ്ഐ (KSI), ജാക്കാസ് താരം സ്റ്റീവ്-ഒ (Steve-O) എന്നിവർ സോഷ്യൽ മീഡിയയിലൂടെ അത്യന്തം വൈകാരികമായ അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചു. "നിനക്ക് വെറും 32 വയസ്സ് മാത്രമാണ് പ്രായം, നീ ഇനിയും ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. നീ ഒരു ഇതിഹാസമാണ്, ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല," എന്ന് കെഎസ്ഐ കുറിച്ചു. ഒലിവർ ട്രീ ഒരു മികച്ച വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുമെന്നും സ്റ്റീവ്-ഒ അനുസ്മരിച്ചു.










0 comments