അരിജിത് സിങ്ങിന് പിന്നാലെ പ്രീതവും?; ബോളിവുഡ് മ്യൂസിക് ലോകത്തോട് വിടപറയുന്നതായി സൂചന നൽകി സംഗീത സംവിധായകൻ

മുംബൈ: ബോളിവുഡ് സംഗീത ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് പ്രശസ്ത സംഗീത സംവിധായകൻ പ്രീതം ചക്രവർത്തി മെയിൻസ്ട്രീം സിനിമാ സംഗീതത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി സൂചന. ജൂൺ 14-ന് തന്റെ ജന്മദിനാഘോഷത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രീതം ഇക്കാര്യം വ്യക്തമാക്കിയത്. മെയിൻസ്ട്രീം മ്യൂസിക് ഇതുവരെ മികച്ചൊരു യാത്രയായിരുന്നുവെന്നും എന്നാൽ ഇനി 'പുതിയ വഴികളിലേക്ക്' സഞ്ചരിക്കാനുള്ള സമയമായെന്നുമാണ് അദ്ദേഹം കുറിച്ചത്. കുറച്ചു മാസങ്ങൾക്ക് മുൻപ് പ്രമുഖ ഗായകൻ അരിജിത് സിങ് പ്ലേബാക്ക് സിംഗിങ് നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രീതവും സമാനമായ നീക്കത്തിനൊരുങ്ങുന്നത്.
ജന്മദിനാശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പിലാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ പ്രഖ്യാപനം പ്രീതം നടത്തിയത്. "ജീവിതം വ്യത്യസ്തമായ രീതിയിൽ ജീവിക്കാനും ഇതുവരെ നഷ്ടപ്പെടുത്തിയവ തിരിച്ചുപിടിക്കാനുമായി കുറച്ചു വർഷങ്ങൾ എനിക്ക് തന്നെ സമ്മാനിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇതുവരെ മാറ്റിവെച്ച പുതിയ യാത്രകൾ ആരംഭിക്കാനുള്ള സമയമായി. മെയിൻസ്ട്രീം മ്യൂസിക് മികച്ചൊരു യാത്രയായിരുന്നു, എന്നാൽ അധികമാരും സഞ്ചരിക്കാത്ത വഴികളറിയാനാണ് എനിക്കെപ്പോഴും ജിജ്ഞാസ," പ്രീതം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രീതത്തിന്റെ പോസ്റ്റ് പുറത്തുവന്നതോടെ ബോളിവുഡ് മ്യൂസിക് പ്രേമികൾ വലിയ നിരാശയിലാണ്. "ആദ്യം അരിജിത് സിങ്, ഇപ്പോൾ നിങ്ങളും.. ലെജൻഡുകൾ ഒന്നിനുപിറകെ ഒന്നായി മെയിൻസ്ട്രീം സംഗീതത്തോട് വിടപറയുന്നത് സങ്കടകരമാണ്" എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ഈ വർഷം ആദ്യമാണ് പുതിയ പ്ലേബാക്ക് അവസരങ്ങൾ ഇനി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച് അരിജിത് സിങ് ആരാധകരെ ഞെട്ടിച്ചത്. എന്നാൽ സ്വതന്ത്രമായി സംഗീതം ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമാനമായ രീതിയിൽ പ്രീതവും ഇനി സിനിമകൾക്ക് പുറമെയുള്ള സ്വതന്ത്ര സംഗീതത്തിലേക്ക് തിരിയാനാണ് സാധ്യതയെന്നാണ് സൂചനകൾ നൽകുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി ബോളിവുഡ് മ്യൂസിക് ഇൻഡസ്ട്രി ഭരിക്കുന്ന പ്രീതം 'ജബ് വി മെറ്റ്', 'ബർഫി', 'യേ ജവാനി ഹേ ദീവാനി', 'മേട്രോ... ഇൻ ദിനോ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിലൂടെ അദ്ദേഹം ദേശീയ അവാർഡും സ്വന്തമാക്കിയിരുന്നു. 'കോക്ടെയിൽ 2' ആണ് പ്രീതത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.










0 comments