92 കി.മീ വേഗതയിൽ പൊടിക്കാറ്റ്, അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ഡൽഹിയിൽ റെഡ് അലേർട്

പൊടിക്കാറ്റ് വീശിയടിച്ചപ്പോള്‍ (Photo: ANI)
ന്യൂഡൽഹി: ഡൽഹിയിൽ 92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് ആഞ്ഞടിച്ചു. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് റെഡ് അലേർട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ പെട്ടെന്നാണ് കാലാവസ്ഥയിൽ മാറ്റമുണ്ടായത്.
ഉച്ചയ്ക്ക് 2:30ഓടെ പാലം കാലാവസ്ഥാ സ്റ്റേഷനിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിലാണ് കാറ്റ് രേഖപ്പെടുത്തിയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനുമൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റ്, ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ കാഴ്ച മങ്ങുന്നതിന് ഇടയാക്കിയേക്കും, ആയതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഡൽഹിയിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. രാവിലെ നഗരത്തിൽ നേരിയ മഴ ലഭിച്ചിരുന്നു.










0 comments