ഹോർമുസിൽ മൈനുകളിൽ തട്ടി 3 എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു

തെഹ്റാൻ: ഹോർമുസ് കടലിടുക്കിന് കിഴക്ക് മൈനുകളിൽ തട്ടി മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. നാവികസേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച്, നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത ശേഷം നിയന്ത്രിത മേഖലയിലൂടെ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഇറാൻ ആരോപിച്ചു.
ഇറാൻ നാവികസേന നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പലുകൾ നിയന്ത്രിത മേഖലയിൽ പ്രവേശിച്ചതെന്ന് ഐആർജിസിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ കപ്പലുകൾ അവയുടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കിയിരുന്നതായും ഇറാൻ ആരോപിക്കുന്നു.
തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ അധികൃതരുമായി ഏകോപിപ്പിക്കണമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കത്തെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെയാണ് ഈ സംഭവം. അടുത്തിടെ ഇവിടെ കുറഞ്ഞത് അഞ്ച് കപ്പലുകൾക്കെങ്കിലും നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഈ ജലപാതയിലൂടെ "വ്യാജ അമേരിക്കൻ റൂട്ടുകൾ" എന്ന് വിശേഷിപ്പിച്ച പാതകൾ തെരഞ്ഞെടുക്കുന്നതിനെതിരെ ഇറാൻ സൈന്യം, കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് രണ്ട് യു എസ് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.








0 comments