ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകൾ മൈനുകളിൽ തട്ടി തകർന്നതായി ഇറാൻ

തെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ തട്ടി പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഒമാനിലെ ഖസാബ് തുറമുഖത്തിന് സമീപവും ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തുമാണ് അപകടമുണ്ടായതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ 'അനധികൃത പാതകൾ' വഴി സഞ്ചരിച്ച കപ്പലുകളാണ് മൈനുകളിൽ തട്ടിയതെന്നാണ് ഐആർജിസി വ്യക്തമാക്കുന്നത്. എന്നാൽ കപ്പലുകളുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനധികൃത പാതകളിലൂടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കടലിടുക്കിന്റെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ ഐആർജിസി നാവികസേനയ്ക്കുള്ള സമ്പൂർണ ആധിപത്യവും നിയന്ത്രണവുമാണ് ഇത് തെളിയിക്കുന്നതെന്നും ഇറാൻ അവകാശപ്പെട്ടു.
മൈനുകളിൽ തട്ടുന്നത് ഒഴിവാക്കാൻ എണ്ണക്കപ്പലുകൾ അംഗീകൃത പാതകൾ മാത്രം ഉപയോഗിക്കണമെന്നും, യാത്രയ്ക്ക് മുൻപ് ഇറാൻ സേനയുമായി ഏകോപനം നടത്തണമെന്നും ഐആർജിസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കടലിടുക്കിൽ നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നതിനായി പുതിയ സംവിധാനങ്ങൾ വിന്യസിച്ചതായും നിലവിലുള്ളവ നവീകരിച്ചതായും ഇറാൻ സൈനിക വക്താവ് അറിയിച്ചു.
അതേസമയം ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു വാണിജ്യ കപ്പൽ ഒമാൻ ഉൾക്കടലിൽ വെച്ച് പ്രവർത്തനരഹിതമാക്കിയതായി യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.








0 comments