പട്ടാപ്പകൽ സ്വർണക്കവർച്ച: നടുക്കം മാറാതെ നാട്ടുകാർ

കുഴൽമന്ദം: പട്ടാപ്പകൽ തോക്കുചൂണ്ടി ജ്വല്ലറിയിലെ 50 പവൻ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ. കുഴൽമന്ദം-– തിരുവില്ലാമല മെയിൻ റോഡിൽ പെരിങ്ങോട്ടുകുറുശി ജങ്‌ഷനുസമീപം കുന്നത്തുപറമ്പിൽ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ വെള്ളി പകൽ 2 .30 നാണ് നാടിനെ ഞെട്ടിച്ച സ്വർണക്കവർച്ച നടന്നത്. പെരിങ്ങോട്ടുകുറുശി ഗവ. ഹൈസ്കൂളിന് സമീപത്തെ കുന്നത്തുപറമ്പ്– പുതുക്കോട്ടുകളം റോഡിലാണ് ജ്വല്ലറി.
സംഭവം കണ്ട് ആദ്യം ഓടിയെത്തിയത് സമീപവാസിയായ മുഹമ്മദ് ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും. കവർന്ന സ്വർണവുമായി സംഘം കാറിൽ കയറുന്നതാണ് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ സംഘത്തെ തടയാൻ ഓടിയെത്തി. മുഹമ്മദ് ഹനീഫ കാറിനുമുന്നിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സംഘം അതിവേഗം കാർ ഓടിച്ചുപോയി. ഇതിനിടെ കുഞ്ഞുമുഹമ്മദ് ഇഷ്‌ടികയെടുത്ത് എറിഞ്ഞതോടെ കാറിന്റെ ഒരുവശത്തെ ഗ്ലാസ് തകർന്നു. പ്രദേശത്ത് ഉച്ചസമയം ആളൊഴിഞ്ഞനില നോക്കിയാകാം കവർച്ചാസംഘം എത്തിയതെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു. പകൽസമയം ജനവാസ മേഖലയിലെ ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ച നടന്നത് പ്രദേശവാസികളിൽ ഭീതി പടർത്തി. സ്വർണക്കവർച്ച ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് സമീപവാസിയായ വടക്കുംപുറം ചുള്ളിക്കൽ വീട്ടിൽ സി പി മനോജ്കുമാർ പറഞ്ഞു.
പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പ് ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നാണ് ഹിന്ദി സംസാരിക്കുന്ന സംഘം വെള്ളി പകൽ 2.30ന് സ്വർണം തട്ടിയത്. ആഭരണങ്ങൾക്ക് അരക്കോടി രൂപയോളം വരും. ആഭരണം വാങ്ങാൻ എന്ന വ്യാജേനെ ജ്വല്ലറിയിൽ എത്തിയ ഇവർ ഉടമയെ തിരക്കി. അടുത്തുതന്നെ താമസിക്കുന്ന ഉടമ സനാദും ഭാര്യ ശ്രീവിദ്യയും മകൻ ഇഷാനും ജ്വല്ലറിയിൽ എത്തി. ഇവരുമായി സംസാരിക്കുന്നതിനിടെ ഒരാൾ തോക്ക് ചൂണ്ടുകയും മറ്റു രണ്ടുപേരും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. രണ്ടു പേർ ജ്വല്ലറിയിലെ പരമാവധി സ്വർണാഭരണങ്ങളും കൈക്കലാക്കി. അഞ്ച് ട്രേയിലുള്ള സ്വർണാഭരണങ്ങളും അലമാരയിലെ മാലകളും ഇതിൽപ്പെടും. സനാദും ജീവനക്കാരായ സജിതയും രമ്യയും പ്രതിരോധിച്ചതോടെ സംഘം പെട്ടെന്ന് സ്ഥലം വിട്ടു.
ഷൊർണൂർ ഡിവൈഎസ്‌പി കെ സി വിനുവിനാണ് അന്വേഷണ ചുമതല. പാലക്കാട് എസ് പി അബ്‌ദുൾ റഷീദ്, ആലത്തൂർ ഡിവൈഎസ്പി വിൻരാജ്, കോട്ടായി സർക്കിൾ ഇൻസ്പെക്ടർ ഹബീബുള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തി. കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണസംഘം തമിഴ്നാട്ടിലേക്ക് കടന്നതായും അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.








0 comments